‘ഹണി റോസിനേക്കാൾ ഉദ്‌ഘാടനം ചെയ്‌തിട്ടുണ്ട്, ഉപ്പും മുളകിലെ പീഡന പരാതി വിവാദം വിഷമിപ്പിച്ചു: രമ്യ പണിക്കർ
കൊച്ചി:മലയാള സിനിമയിൽ തന്റെ കഴിവ് തെളിയിച്ച നടിമാരിൽ ഒരാളാണ് രമ്യ പണിക്കർ. ചെറിയ വേഷങ്ങളാണ് ചെയ്‌തിട്ടുള്ളതെങ്കിലും സിനിമാ ആസ്വാദകർക്ക് ഇടയിൽ സുപരിചിതയാണ് രമ്യ. ഇടക്കാലത്ത് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് രമ്യ കൂടുതൽ ജനങ്ങളിലേക്ക് എത്തിയത്. നിലവിൽ മോഡലിംഗിൽ ഉൾപ്പെടെ താരം കൈ നോക്കുന്നുണ്ട്. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഒട്ടേറെ സിനിമകളിൽ രമ്യ മുഖം കാണിച്ചിട്ടുണ്ട്.
ഫ്ളവേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിലും രമ്യ അഭിനയിച്ചിരുന്നു. എന്നാൽ അടുത്തിടെ സീരിയലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചില വിവാദങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് രമ്യ പണിക്കർ. ഉപ്പും മുളകും സീരിയലിലെ ഒരു നടി അതിലെ സഹതാരങ്ങളായ ബിജു സോപാനത്തിന് എതിരെയും എസ്‌പി ശ്രീകുമാറിന് എതിരേയുമാണ് പീഡന പരാതി നൽകിയത്. ഇതിന് പിന്നാലെ രമ്യ പണിക്കരുടെ പേര് ചേർത്ത് വാർത്തകൾ പ്രചരിച്ചിരുന്നു.
ഈ വാർത്തകളാണ് ഇപ്പോൾ താരം തള്ളുന്നത്. ഈ പ്രചാരണവും അത്തരം വീഡിയോകളും തനിക്ക് വളരെയധികം വിഷമം ഉണ്ടാക്കിയെന്നാണ് താരം പറയുന്നത്. ‘ഞാൻ എപ്പോഴും സോഷ്യൽ മീഡിയാസിനെ ബഹുമാനിക്കുന്ന ആളാണ്. എന്നാൽ ഈ ഒരു കാര്യത്തിൽ എനിക്ക് വല്ലാതെ വിഷമം ഉണ്ടായി. ഒരു നടി പരാതി കൊടുത്തു. അതിനെ ചിലർ വളച്ചൊടിച്ചു. ആ നടി ആരെന്നറിയാതെ അതിൽ അഭിനയിച്ച നടിമാരെ എല്ലാവരെയും ചേർത്ത് കഥയുണ്ടാക്കി’ രമ്യ പറയുന്നു.
‘എന്റെ മാത്രമല്ല വേറെയും ഒന്ന് രണ്ട് നടിമാരുടെ പേരും ഉയർന്നുവന്നു. ഞാൻ വീഡിയോ എടുത്തിട്ട് ശരിയാവാത്തത് കൊണ്ടാണ് പോസ്‌റ്റ് ഇട്ടത്. അത് കണ്ടപ്പോൾ പലർക്കും സത്യം മനസിലായി. കാരണം ഞാൻ അവിടെ ഒരു ദിവസമേ വർക്ക് ചെയ്‌തിട്ടുള്ളൂ. അതിന്റെ അണിയറ പ്രവർത്തകർ മാത്രമല്ല എന്റെ സഹതാരങ്ങളും അത്രയും നല്ല പെരുമാറ്റമായിരുന്നു’ താരം പറഞ്ഞു.
‘അത്രയും നല്ലൊരു ലൊക്കേഷനിൽ ഞാൻ പരാതി കൊടുത്തു എന്ന് പറഞ്ഞൊരു വാർത്ത കണ്ടപ്പോൾ അത് വല്ലാതെ വേദനിപ്പിച്ചു. ആ നടി ഞാനല്ല. എനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ അത് കൈകാര്യം ചെയ്യാൻ എനിക്കറിയാം. ബിഗ് ബോസിൽ പറഞ്ഞതേ എനിക്ക് ഇപ്പോഴും പറയാനുള്ളൂ. എന്നെ ചൊറിയാൻ വന്നാൽ ഞാൻ കേറി മാന്തും.’ രമ്യ നിലപാട് വ്യക്തമാക്കി.
സത്യം പറഞ്ഞാൽ ഭയങ്കര രസകരമായിട്ടുള്ള ഒരു ലൊക്കേഷനായിരുന്നു അത്. കാരണം ഞാൻ അങ്ങനെയൊരു പ്രോഗ്രാം ചെയ്യുന്നത് ആദ്യമായിട്ടാണ്. സിനിമയല്ലേ ചെയ്‌തിട്ടുള്ളൂ. സംവിധായകനും സഹതാരങ്ങളും ഒക്കെ സപ്പോർട്ട് ചെയ്‌തു. അത്രയും എൻജോയ് ചെയ്‌ത് കൊണ്ടാണ് ആ സെറ്റിൽ വർക്ക് ചെയ്‌തത്. അങ്ങനെയുള്ള ഒരിടത്തെ പറ്റി ഒരു ഫേക്ക് ന്യൂസ് വരുമ്പോൾ വിഷമം ഉണ്ടായി’ താരം പറഞ്ഞു.
പലരും താനാണോ ആ നടി എന്നറിയാൻ വിളിച്ചിരുന്നുവെന്നും രമ്യ പണിക്കർ പറയുന്നുണ്ട്. എല്ലാം വിശദീകരിച്ചു കൊണ്ട് താനൊരു പോസ്‌റ്റ് ഇട്ടപ്പോൾ അതിനെ എടുത്ത് വേറെയൊരു രീതിയിലേക്ക് മാറ്റി ചില യൂട്യൂബുകാർ വാർത്ത കൊടുത്തു. അത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയ കാര്യമാണ്. നിങ്ങൾക്ക് നാണമില്ലേ എന്ന് ചോദിച്ചു ഞാൻ കമന്റിട്ടു ഒടുവിൽ; രമ്യ പണിക്കർ വെളിപ്പെടുത്തി.
ഒരു കാലത്ത് ഹണി റോസിനേക്കാൾ ഉദ്‌ഘാടനങ്ങളിൽ താൻ പോയിട്ടുണ്ടെന്നും രമ്യ പറഞ്ഞു. അന്ന് പക്ഷേ ഓൺലൈൻ മീഡിയ ഇത്രയധികം ഹൈപ്പ് കൊടുക്കാത്തത് കൊണ്ട് മാത്രമാണ് അധികമാരും അറിയാതെ പോയത്. അന്ന് ട്രോളുകൾ ഒക്കെ ധാരാളം ഇറങ്ങിയിരുന്നു. ഇന്നത്തെ പോലെ ഓൺലൈൻ മീഡിയാസ് ഉണ്ടായിരുന്നെങ്കിൽ ഞാൻ എയറിലായേനെ; രമ്യ കൂട്ടിച്ചേർത്തു.