ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ്-19 വാക്സിന്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യത്തില്‍ അനുമതി തേടി പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കത്ത് അയച്ചു.
നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കാണ് കൊവിഡ് വാക്സിന്‍ നല്‍കുന്നത്. എന്നാല്‍ രാജ്യത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ പ്രതിരോധ കുത്തിവെപ്പ് യജ്ഞം കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഉടന്‍ വാക്സിന്‍ വിതരണം ചെയ്യണമെന്നാണ് ഐഎംഎ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നത്.
പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. സിനിമ തീയറ്റര്‍, സാംസ്‌കാരിക-മതപരമായ ചടങ്ങുകള്‍, കായിക പരിപാടികള്‍ എന്നിവ നടത്തുന്ന സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും കത്തിലുണ്ട്.
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ലക്ഷം കടന്നു. ഇന്നലെ 24 മണിക്കൂറിനുള്ളില്‍ 1,03,558 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.
രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലായ പശ്ചാത്തലത്തില്‍ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യും. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് മുഖ്യമന്ത്രിമാരില്‍നിന്ന് പ്രധാനമന്ത്രി അഭിപ്രായം തേടും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക.
അതിനുപുറമേ, കേന്ദ്ര ആരോഗ്യമന്ത്രാലയവും ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനാണ് യോഗം വിളിച്ചത്. ഇന്നു നടക്കുന്ന ഉന്നതതലയോഗത്തില്‍, രോഗവ്യാപനം രൂക്ഷമായ പതിനൊന്നു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാര്‍ പങ്കെടുക്കും.
മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ് പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. മഹാരാഷ്ട്രയിലാണ് 57,074 എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുടെ വര്‍ധന.
ഛത്തീസ്ഗഡില്‍ 5,250 പേര്‍ക്കും കര്‍ണാടകയില്‍ 4,553 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 7,41,830 ആയി. ഇത് ആകെ രോഗബാധിതരുടെ 5.89 ശതമാനം വരും. 24 മണിക്കൂറില്‍ ചികിത്സയില്‍ ഉള്ളവരുടെ ആകെ എണ്ണത്തില്‍ 50,233 പേരുടെ കുറവുണ്ടായി. മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഡ്, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ചികിത്സയിലുള്ള രോഗികളുടെ 75.88 ശതമാനമാണ്. ഇതില്‍ ആകെ രോഗികളില്‍ 58.23 ശതമാനം മഹാരാഷ്ട്രയിലാണ്. രാജ്യത്ത് ഇതുവരെ 1,16,82,136 പേര്‍ രോഗമുക്തരായി. 92.8 ശതമാനം ആണ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറില്‍ 52,847 പേര്‍ രോഗ മുക്തരായി. 15 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദശലക്ഷം പേരിലെ പരിശോധന ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. ഇന്നലെ 24 മണിക്കൂറിനുള്ളില്‍ 478 മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ എട്ട് കോടിയോളം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം ഇന്നലെ 7.9 കോടി പിന്നിട്ടു. ഇന്നലെ രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്കുപ്രകാരം 12,31,148 സെഷനുകളിലായി 7,91,05,163 കോവിഡ് വാക്‌സിന്‍ ഡോസ് വിതരണം ചെയ്തു.