മുംബൈ:ശത കോടീശ്വരനായ മുകേഷ് അംബാനി എല്ലാ വർഷവും ദീപാവലി സമ്മാനങ്ങൾ നൽകാറുണ്ട്. റിലയൻസ് ഇന്‍ഡസ്ട്രീസ് പുറത്തിറക്കുന്ന ദീപാവലി സമ്മാനങ്ങൾ പ്രശസ്തമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദീപാവലിക്ക് പുതിയ ഉൽപ്പന്നങ്ങളും ഓഫറുകളും റിലയൻസ് നല്‍കാറുണ്ട്.
ഇപ്പോഴിതാ ജിയോ ഉപയോക്താക്കൾക്കായി ‘ദീപാവലി ധമാക്ക’ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ഗ്രൂപ്പ്. ഏതെങ്കിലും റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ 20,000 രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുന്ന ഉപഭോക്താക്കൾക്ക് ഒരു വർഷത്തെ സൗജന്യ ജിയോഎയർഫൈബർ സേവനം ആണ് റിലയൻസ് ഒരുക്കുന്നത്.
സെപ്റ്റംബർ 18 മുതൽ നവംബർ 3 വരെയുള്ള ദിവസങ്ങളിൽ ആയിരിക്കും ഈ ഓഫർ ലഭിക്കുക. ഒരു വർഷം മുഴുവൻ ജിയോ എയർ ഫൈബർ സൗജന്യമായി ലഭിക്കണമെങ്കിൽ മൈജിയോ, ജിയോമാർട്ട് ഡിജിറ്റൽ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ പോലുള്ള ഏതെങ്കിലും സ്റ്റോറുകളിൽ നിന്ന് പർച്ചേസ് ചെയ്തിരിക്കണം. നിലവിലുള്ള ഉപഭോക്താക്കൾക്ക് 2,222 രൂപ വിലയുള്ള ദീപാവലി പ്ലാനിനൊപ്പം ഒറ്റത്തവണ മുൻകൂർ റീചാർജ് തിരഞ്ഞെടുക്കാം.
ഈ ദീപാവലി മുതൽ ജിയോ ഉപയോക്താക്കൾക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസിൻ്റെ 47-ാമത് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
മുകേഷ് അംബാനി കഴിഞ്ഞ ദിവസം പുതിയ അത്യാഡംബര സ്വകാര്യ ജെറ്റ് സ്വന്തമാക്കിയിരുന്നു. ബോയിംഗ് ബിബിജെ 737 മാക്സ് 9 ആണ് അംബാനി പുതിയതായി സ്വന്തമാക്കിയത്. ഒന്നും രണ്ടുമല്ല 1000 കോടി രൂപയാണ് ഈ സ്വകാര്യ ജെറ്റിന്റെ വില. ഇന്ത്യയിലെ സമ്പന്നരുടെ കെെയിൽ ഉള്ളതിൽവച്ച് ഏറ്റവും വില കൂടിയ ജെറ്റാണിത്.
ഈ അൾട്രാ ലോംഗ് റേഞ്ച് ബിസിനസ് ജെറ്റിന്റെ വില ഏകദേശം 1000 കോടി രൂപയാണ്. 2023 ഏപ്രിൽ 13നാണ് ജെറ്റിന്റെ നിർമാണം ആരംഭിച്ചത്. 2024 ഓഗസ്റ്റ് 27നാണ് നിർമാണം പൂർത്തിയായത്. നിരവധി പരീക്ഷണ പറക്കലുകൾക്ക് ശേഷമാണ് ജെറ്റ് അംബാനി സ്വന്തമാക്കിയത്.
ഇരട്ട എൻജിനുകളാണ് ഇതിനുള്ളത്. ബോയിംഗിന്റെ റെന്റൺ പ്രൊഡക്ഷൻ പ്ലാന്റിലാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്. ആഡംബര പൂർണമായ സുഖസൗകര്യങ്ങളാണ് വിമാനത്തിനുള്ളിൽ ഉള്ളത്. ഒരു കൊട്ടാരത്തിന് സമാനമായതാണ് വിമാനമെന്നാണ് റിപ്പോർട്ട്. ബിബിജെ 737 മാക്സ് 9 ക്യാബിൻ ബോയിംഗ് 737 മാക്സ് 8നെക്കാൾ വലുതും കൂടുതൽ സ്ഥലസൗകര്യവുമുള്ളതാണ്. ഇത് മികച്ച അനുഭവമാണ് നൽകുന്നതെന്ന് കമ്പനി അധികൃതർ പറയുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപ് 500 കോടി രൂപയുടെ അത്യാഡംബര വിമാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സ്വന്തമാക്കിയിരുന്നു. ഗൾഫ് സ്ട്രീം എയ്‌റോസ്പെയ്സ് നിർമിച്ച ജി -600 വിമാനമാണ് യൂസഫലിയുടെ യാത്രകളുടെ ഭാഗമാകുക. 19പേർക്ക് സഞ്ചരിക്കാവുന്ന ഈ ചെറു വിമാനത്തിൽ ആറ് പേർക്ക് കിടന്ന് സഞ്ചരിക്കാനും സൗകര്യമുണ്ട്.