മുസ്തഫയുമായുള്ള ബന്ധം, ആദ്യഭാര്യയുടെ ആരോപണങ്ങൾ; പ്രിയാമണിക്ക് പറയാനുള്ളത്
നടി പ്രിയാമണിയുടെ ഭർത്താവ് മുസ്തഫയുടെ ആദ്യ ഭാര്യ അയിഷയുടെ വെളിപ്പെടുത്തലുകൾ വിവാദമായതിന് പിന്നാലെ പ്രതികരണവുമായി താരം. ഒരു അഭിമുഖത്തിലാണ് താനും മുസ്തഫയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രിയാമണി പറഞ്ഞത്. തങ്ങളുടെ ബന്ധം സുരക്ഷിതമായിരിക്കുന്നു എന്നാണ് പ്രിയാമണി പ്രതികരിച്ചത്.ആദ്യഭാര്യയുടെ ആരോപണങ്ങളെക്കുറിച്ച് അതേ നാണയത്തിൽ മറുപടി പറയാൻ താരം മുതിർന്നില്ല
”ആശയവിനിമയം വളരെ പ്രധാനമാണ്. മുസ്തഫ അമേരിക്കയിലാണ് ജോലി ചെയ്യുന്നത്.ഞങ്ങൾ ദിവസവും സംസാരിക്കാറുണ്ട്. അദ്ദേഹം ജോലിത്തിരക്കിലാണെങ്കിൽ ജോലി കഴിഞ്ഞശേഷം മെസേജ് അയക്കും. ഞാൻ ഷൂട്ടിലാണെങ്കിലും അങ്ങനെത്തന്നെ. ചിലപ്പോൾ വിശദമായി സംസാരിക്കാൻ പറ്റില്ലായിരിക്കും . അപ്പോഴും ഒരു ഹായ് എന്നോ ഹലോ എന്നോ സന്ദേശം അയക്കാൻ മറക്കാറില്ല. അല്ലെങ്കിൽ ഓക്കെ അല്ലേ എന്നെങ്കിലും ചോദിക്കും. അത്തരത്തിൽ വളരെ നന്നായി ഞങ്ങളുടെ ബന്ധം മുന്നോട്ട് പോകുന്നു. അത്തരം സംസാരം തന്നെയാണ് പ്രധാനവും”- പ്രിയാമണി പറയുന്നു.
താനുമായി വിവാഹമോചനം നേടാതെയാണ് മുസ്തഫ പ്രിയാമണിയെ വിവാഹം കഴിച്ചതെന്നാണ് ആദ്യഭാര്യ അയിഷ ആരോപിച്ചത്. അതുകൊണ്ടു തന്നെ ഇരുവരുടെയും വിവാഹം അസാധുവാണെന്നും അയിഷ പറഞ്ഞു.എന്നാൽ അയിഷ തന്‍റെ പണത്തിനായാണ് അപവാദങ്ങൾ പറയുന്നതെന്നാണ് മുസ്തഫയുടെ പക്ഷം. 2013ൽ അയിഷയുമായി ബന്ധം പിരിഞ്ഞതാണ്. 2017ലാണ് പ്രിയാമണിയെ വിവാഹം ചെയ്തത്. ആരോപണം ഉന്നയിക്കാൻ അയിഷ ഇത്രയും വർഷം കാത്തിരുന്നത് എന്തിനാണെന്നും മുസ്തഫ ചോദിച്ചു. രണ്ട് മക്കളുടെയും ആവശ്യങ്ങൾക്ക് കൃത്യമായി പണം നൽകാറുണ്ടെന്നും മുസ്തഫ പറയുന്നു.
പുതിയ സിനിമ ‘നരപ്പ’യുടെ വിജയാഘോഷത്തിലാണ് പ്രിയാമണി. ധനുഷ് നായകനായ അസുരന്‍റെ തെലുങ്ക്
റീമേക്ക് ആണ് നരപ്പ. ഓടിടിയിൽ റിലീസ് ചെയ്ത ചിത്രത്തിൽ വെങ്കിടേഷിനൊപ്പം ഗ്രാമീണ സ്ത്രീയായി ഗംഭീര പ്രകടനമാണ് പ്രിയാമണി നടത്തിയത്. തമിഴിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമാണ് നരപ്പയിൽ പ്രിയാമണി അവതരിപ്പിച്ചത്. വെബ്‍സീരീസ് ഫാമിലിമാൻ-2വിലും പ്രിയാമണിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു.