നല്ല മനസുള്ളവർ പെട്ടെന്ന് ചേരും, മഞ്ജു എന്നെ വിളിക്കും; ഞങ്ങളുടെ സൗഹൃദമിങ്ങനെ; ബൈജു സന്തോഷിന്റെ വാക്കുകൾ
മഞ്ജു തിരുവന്തപുരത്ത് വരുമ്പോൾ എന്നെ വിളിക്കും. ഞാൻ രാത്രി തട്ടു ദോശയും ചിക്കൻ ഫ്രെെയും വാങ്ങിച്ച് കൊടുക്കുമെന്ന് ബൈജു സന്തോഷ് പറയുന്നു. ഒന്നോ രണ്ടോ സിനിമകളിലെ ഞങ്ങൾ അഭിനയിച്ചിട്ടുള്ളൂ. ഭയങ്കര കൂട്ടാണ്.
കൊച്ചി:സിനിമാ ലോകത്തേക്കുള്ള മഞ്ജു വാര്യരുടെ തിരിച്ച് വരവ് വലിയ തോതിൽ ചർച്ചയായതാണ്. ദുഖം തളം കെട്ടി നിൽക്കുന്ന മുഖത്തോെടെയാണ് വർഷങ്ങൾക്ക് ശേഷം തിരച്ചെത്തിയ പ്രിയ നടിയെ അന്ന് ആരാധകർ കണ്ടത്. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ മഞ്ജു അപ്പാടെ മാറി. പഴയ ഊർജസ്വലയായ മഞ്ജുവിനെ പ്രേക്ഷകർക്ക് തിരിച്ച് കിട്ടി. ഇന്ന് ഡാൻസും സിനിമയും ബൈക്ക് റെെഡും യാത്രകളുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് മഞ്ജു. സിനിമാ ലോകത്ത് മിക്കവർക്കും പ്രിയങ്കരിയാണ് മഞ്ജു. നടിയുടെ എളിമയോടെയുള്ള പെരുമാറ്റം ഏവരും എടുത്ത് പറയാറുണ്ട്.
ഇപ്പോഴിതാ മഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് നടൻ ബൈജു സന്തോഷ്, രമേശ് പിഷാരടി എന്നിവർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമൃത ടിവിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. മഞ്ജുവും ഈ ചാനൽ ഷോയിൽ അതിഥിയായെത്തിയിരുന്നു. മഞ്ജു തിരുവന്തപുരത്ത് വരുമ്പോൾ എന്നെ വിളിക്കും. ഞാൻ രാത്രി തട്ടു ദോശയും ചിക്കൻ ഫ്രെെയും വാങ്ങിച്ച് കൊടുക്കുമെന്ന് ബൈജു സന്തോഷ് പറയുന്നു. ഒന്നോ രണ്ടോ സിനിമകളിലെ ഞങ്ങൾ അഭിനയിച്ചിട്ടുള്ളൂ. ഭയങ്കര കൂട്ടാണ്.
നല്ല മനസുള്ളവർ പെട്ടെന്ന് ചേരുമെന്ന് ബൈജു തമാശയോടെ പറഞ്ഞു. ഇത് മഞ്ജു വാര്യർ സമ്മതിക്കുകയും ചെയ്തു. ആദ്യമായിട്ട് എപ്പോഴാണ് കണ്ടതെന്നോ പരിചയപ്പെട്ടതെന്നോ ഒന്നും എനിക്ക് ഓർമയില്ല. പക്ഷെ ഇന്ന് ഒരാവശ്യം ഇല്ലെങ്കിൽ പോലും വിളിച്ച് സംസാരിക്കാൻ തോന്നുന്നയാളാണ്. സിനിമയ്ക്കൊക്കെ അപ്പുറത്താണ് ആ ബന്ധമെന്ന് എനിക്ക് തോന്നാറുണ്ട്. മനോജേട്ടനുമായും (മനോജ് കെ ജയൻ) അങ്ങനെയാണ്. ഇടയ്ക്കേ ഞങ്ങൾ സംസാരിക്കാറുള്ളൂ. പക്ഷെ കുറേയായി സംസാരിച്ചിട്ടെന്ന് തോന്നില്ല.
ഇന്നലെ കണ്ടത് പോലയാണ്. ഞാനും പിഷുവും ഒരു സിനിമയിലും ഒരുമിച്ച് അഭിനയിച്ചിട്ട് പോലുമില്ല. ഒരുപാട് സുഹൃത്തുക്കളൊന്നും എന്റെ ജീവിതത്തിലില്ലെന്നും മഞ്ജു വാര്യർ വ്യക്തമാക്കി. മഞ്ജുവിന്റെ സ്വഭാവത്തെക്കുറിച്ച് രമേശ് പിഷാരടി സംസാരിച്ചു. മഞ്ജുവിന് പെട്ടെന്ന് ആൾക്കൂട്ടത്തിൽ കലങ്ങാനുള്ള ശേഷിയുണ്ട്. മഞ്ജു ഇപ്പോഴും സാധാരണ തിയറ്ററിൽ മാസ്കും തൊപ്പിയും ചുരിദാറുമിട്ട് സിനിമയ്ക്ക് പോകുന്നുണ്ട്.
എല്ലാ സിനിമയ്ക്കും പോകും. ഞങ്ങൾ ഒരിക്കൽ പോയി ഞാനും ചാക്കോച്ചനും മഞ്ജുവുമുണ്ട്. എന്നാൽ തന്നെയും ചാക്കോച്ചനെയും ആളുകൾ തിരിച്ചറിഞ്ഞെന്ന് രമേശ് പിഷാരടി ഓർത്തു. സിനിമാ ലോകത്ത് മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ് രമേശ് പിഷാരടിയും കുഞ്ചാക്കോ ബോബനും. മൂവരും ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
മലയാളത്തിൽ ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. മഞ്ജുവിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴിലും മലയാളത്തിലുമായി നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമകളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തമിഴിൽ തുനിവാണ് മഞ്ജുവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അജിത്ത് നായകനായ സിനിമ മികച്ച വിജയം നേടി. തമിഴകത്തും മഞ്ജുവിന് ജനപ്രീതി കൂടുകയാണ്.