രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബി.ജെ.പി. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ രേഖ ഗുപ്തയാണ് ഡല്‍ഹിയിലെ ബിജെപി സര്‍ക്കാരിനെ നയിക്കുക. രാജ്യതലസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്ന നാലാമത്തെ വനിതയാകും രേഖ ഗുപ്ത. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
രാംലീലാ മൈതാനത്താണ് സത്യപ്രതിജ്ഞ നടക്കുക. ഡല്‍ഹി ഉപമുഖ്യമന്ത്രിയായി പര്‍വേശ് വര്‍മ്മയേയും സ്പീക്കറായി വിജേന്ദര്‍ ഗുപ്തയേയുമാണ് തീരുമാനിച്ചത്.
ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത ഷാലിമാര്‍ ബാഗിന്റെ എം.എല്‍.എയായത്. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ്.
ഡല്‍ഹി സര്‍വ്വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ (ഡി.യു.എസ്.യു) മുന്‍ പ്രസിഡന്റാണ് രേഖ ഗുപ്ത. 1996-97 വര്‍ഷത്തിലാണ് ഇവര്‍ ഡി.യു.എസ്.യുവിനെ നയിച്ചത്. 2007-ലും 2012-ലും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി.
നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുന്നത്. അതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, എന്‍.ഡി.എ. ദേശീയനേതാക്കള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 48 സീറ്റുകളിൽ വിജയിച്ചാണ് ബി.ജെ.പി. ഡൽഹിയുടെ ഭരണം പിടിച്ചത്. ഭരണകക്ഷിയായിരുന്ന എ.എ.പി. 22 സീറ്റുകളില്‍ ഒതുങ്ങി. ഇത്തവണയും കോണ്‍ഗ്രസിന് സീറ്റുകളൊന്നും കിട്ടിയിരുന്നില്ല.