KeralaNews

കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി മറ്റുസംസ്ഥാനങ്ങൾ കൊണ്ടുപോയി; രൂക്ഷവിമർശവുമായി കമ്മിഷൻ

തിരുവനന്തപുരം: കുറഞ്ഞവിലയ്ക്ക് ലഭിക്കുമായിരുന്ന വൈദ്യുതി അനാസ്ഥ കൊണ്ട് നഷ്ടപ്പെടുത്തിയ കെ.എസ്.ഇ.ബി.യെ രൂക്ഷമായി വിമർശിച്ച് റെഗുലേറ്ററി കമ്മിഷൻ. ഹിമാചൽപ്രദേശിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സത്‌ലജ് ജൽ വൈദ്യുതി നിഗം ലിമിറ്റഡിൽനിന്ന് 25 വർഷത്തേക്ക്‌ 4.46 രൂപയ്ക്ക് കിട്ടേണ്ടിയിരുന്ന 166 മെഗാവാട്ട് വൈദ്യുതിയാണ് തീരുമാനം വൈകിച്ച് കെ.എസ്.ഇ.ബി. നഷ്ടപ്പെടുത്തിയത്.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൂടിയ വിലകൊടുത്ത് വൈദ്യുതി വാങ്ങേണ്ടിവരുകയും അതിന്റെ ബാധ്യത ഉപഭോക്താക്കളെ അടിച്ചേൽപ്പിക്കുകയും ചെയ്യുമ്പോഴാണ് ഈ അനാസ്ഥ. പാരമ്പര്യേതര സ്രോതസ്സുകളിൽനിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി കിട്ടാനുള്ളപ്പോൾ അത് വാങ്ങാനുള്ള കരാറുകളിൽ ഏർപ്പെടാൻ കെ.എസ്.ഇ.ബി. തയ്യാറാവുന്നില്ലെന്നും കമ്മിഷൻ കുറ്റപ്പെടുത്തി.

2023 ഏപ്രിൽ 24-നാണ് 1500 മെഗാവാട്ട് വൈദ്യുതിക്ക് സത്‌ലജ് നിഗം താത്പര്യമുള്ളവരെ ക്ഷണിച്ചത്. ഇതിൽ 166 മെഗാവാട്ട്മാത്രം വാങ്ങാൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. ആ വർഷം ഡിസംബർ 11-ന് എത്രവേണമെന്ന് അറിയിക്കാൻ കമ്പനി കെ.എസ്.ഇ.ബി.ക്ക്‌ കത്തയച്ചു. നാലുമാസം കഴിഞ്ഞ് ഈ മാർച്ചിലാണ് കെ.എസ്.ഇ.ബി. ആവശ്യം അറിയിച്ചത്. ഈ സമയത്തിനിടെ മറ്റ് സംസ്ഥാനങ്ങൾ ഈ വൈദ്യുതി വാങ്ങാനുള്ള കരാറിൽ ഏർപ്പെട്ടു കഴിഞ്ഞിരുന്നു.

ഈ വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിക്കുംമുൻപ്‌ അനുമതിക്കായി കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു. കമ്മിഷൻ തെളിവെടുപ്പ് നടത്തിയപ്പോൾ മുഴുവൻ വൈദ്യുതിക്കും മറ്റ് സംസ്ഥാനങ്ങളുമായി കരാർ ഉണ്ടാക്കിയ കാര്യം കമ്പനി അറിയിച്ചു. ഇതോടെ കെ.എസ്.ഇ.ബി.യുടെ അപേക്ഷ കമ്പനി തള്ളി.

രാത്രികാലത്തുൾപ്പടെ 1500 മെഗാവാട്ട് സംസ്ഥാനങ്ങൾക്ക് നൽകാനാണ് സത്‌ലജ് നിഗം തയ്യാറായത്. എന്നാൽ, കേരളത്തിൽ വൈദ്യുതി ലഭ്യത കുറവായിട്ടും കുറഞ്ഞവിലയ്ക്ക് ലഭിക്കുമായിരുന്നിട്ടും എന്തുകൊണ്ട് കെ.എസ്.ഇ.ബി. 166 മെഗാവാട്ട്മാത്രം വാങ്ങാൻ തീരുമാനിച്ചുവെന്നതിലും വ്യക്തതയില്ല. ഇതിന് കമ്മിഷൻ കാരണം തേടിയിരുന്നു. ഇതിൽ കെ.എസ്.ഇ.ബി. നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കമ്മിഷൻ കുറ്റപ്പെടുത്തി.

കാറ്റ്, സൗരോർജം എന്നിവയിൽനിന്ന് ഉത്‌പാദിപ്പിക്കുന്നതാണ് ഈ വൈദ്യുതി. ഇത് ആവശ്യത്തിനു വാങ്ങിയിരുന്നെങ്കിൽ ഹരിത വൈദ്യുതി ഉപയോഗത്തിൽ കെ.എസ്.ഇ.ബി.ക്ക് ലക്ഷ്യം കാണാമായിരുന്നു.

രാജ്യത്ത് പാരമ്പര്യേതര ഊർജ ഉത്‌പാദനം പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ പദ്ധതികളുണ്ട്. ഇതിന്റെ ഭാഗമായി വിവിധ കമ്പനികൾ ഇത്തരം വൈദ്യുതി വാഗ്ദാനം ചെയ്യുന്നുണ്ട്. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് (എസ്.ഇ.സി.ഐ.) ജൂണിലും ജൂലായിലും 1200 മെഗാവാട്ട് വൈദ്യുതിക്കുവീതം ലേലത്തിനുള്ള അപേക്ഷ ക്ഷണിച്ചിരുന്നു. 3.46 രൂപയായിരുന്നു പരമാവധി വില. ഇത് പ്രയോജനപ്പെടുത്താൻ കെ.എസ്.ഇ.ബി. എന്തുചെയ്തുവെന്ന് ഒരുമാസത്തിനകം അറിയിക്കാനും കമ്മിഷൻ ഉത്തരവായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker