KeralaNews

SET January 2023:സെറ്റ് പരീക്ഷക്ക് ഒക്ടോബര്‍ 20 വരെ രജിസ്റ്റര്‍ ചെയ്യാം; അപേക്ഷിയ്‌ക്കേണ്ടതിങ്ങനെ

തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

പരീക്ഷയ്ക്ക് ഓൺലൈൻ ആയി ഒക്ടോബർ 1 മുതൽ ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്.

പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടി ഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗ ത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഒക്ടോബർ 2 നും 2022 ഒക്ടോബർ 20 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.

പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30ന് മുമ്പ് തിരുവനന്തപുരം എൽ.ബി.എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ ‘ഓൺ ലൈൻ’ ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്‌പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 20ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button