തിരുവനന്തപുരം ∙ കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്കു സാധ്യത. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴ (24 മണിക്കൂറിൽ 204.5 മില്ലിമീറ്ററിൽ കൂടുതൽ) ലഭിക്കും. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് (24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ) പ്രവചിക്കുന്നത്.
∙ യെലോ അലർട്ടുള്ള ജില്ലകൾ
മേയ് 18: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
മേയ് 19: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
മേയ് 20: തിരുവനന്തപുരം, കൊല്ലം
മേയ് 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
മേയ് 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള മഴ ലഭിച്ചേക്കും.
മഴ നിൽക്കുന്നതിനാൽ മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു, ദുരന്ത സാധ്യത മേഖലകളുടെ പട്ടിത തയാറാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പട്ടിക പൊലീസിനും ഫയർഫോഴ്സിനും ദുരന്ത നിവാരണ അതോറിറ്റിക്കും കൈമാറണം. നദികളിൽ എക്കൽ അടിഞ്ഞ് കൂടി ഒഴുക്ക് തടസപ്പെടുന്നില്ലെന്ന് ജലവിഭവ വകുപ്പ് ഉറപ്പാക്കണം മഴ കനക്കുന്നതിനാൽ ആവശ്യമായ ഇടങ്ങളിൽ ക്യാമ്പുകൾ ഉടൻ ആരംഭിക്കണമെന്ന നിർദേശവും നൽകയിട്ടുണ്ട്. കഴിഞ്ഞ 12 മണിക്കൂറിൽ കണ്ണൂർ ചെറുത്താഴത്ത് 213 മില്ലീമീറ്റർ മഴ ആണ് രേഖപ്പെടുത്തിയത്
ഇതിനിടെ കടലിൽ പോകരുതെന്ന നിർദേശം ലംഘിച്ച് കടലിൽ പോയ മൂന്നു മത്സ്യ തൊഴിലാളികൾ കടലിൽ കുടുങ്ങി. മൂന്നുപേരെയും വിഴിഞ്ഞം കോസ്റ്റൽ പോലീസ് രക്ഷിച്ചു. മൂന്നു നോട്ടിക്കൽ മൈൽ അകലെ വച്ച് ബോട്ടിന്റെ എഞ്ചിൻ തകരാറിലാവുകയായിരുന്നു
∙ കടലാക്രമണ സാധ്യത
മേയ് 18 മുതൽ 21 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയും, രാത്രി 10.30 മുതൽ അർധരാത്രി വരെയും) സാധാരണയിൽ കൂടുതലാവാൻ സാധ്യത ഉള്ളതിനാൽ തീരദേശങ്ങളിൽ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. വേലിയേറ്റ സമയങ്ങളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കുന്ന സാഹചര്യങ്ങളിൽ കടലിലേക്കുള്ള മഴവെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം.
∙ മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം
മേയ് 18 മുതൽ 20 വരെ കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.
ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം, തെക്കൻ തമിഴ്‌നാട് തീരം, അതിനോടു ചേർന്ന തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്ക് കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ, അതിനോട് ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മേയ് 18 മുതൽ 22 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തീയതികളിലും മത്സ്യബന്ധനത്തിന് പോകരുത്.
∙ ഉയർന്ന തിരമാലയ്ക്ക് സാധ്യത
കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) 18ന് രാത്രി 11.30 വരെ 3 മുതൽ 3.1 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.