സംസ്ഥാനത്ത് അതിതീവ്രമഴക്ക് സാധ്യത: എട്ടു ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്,5 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കൊല്ലം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു.
കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണ്. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി. കാസർകോട് ഒഴുക്കിൽപ്പെട്ട റിട്ടയേർഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. ചാവക്കാട് കഴിഞ്ഞ ദിവസം കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം വലപ്പാട് കടപ്പുറത്ത് കരക്കടിഞ്ഞു. വർഗീസ് എന്ന മണിയൻ്റ മൃതദേഹമാണ് കരക്കടിത്തത്.
കനത്ത മഴക്ക് പിന്നാലെ ആശങ്കയുയർത്തി പുഴകളിലെ ജലനിരപ്പ് ഉയരുകയാണ്. ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജില്ലയിൽ ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണമെന്ന് അഭ്യർത്ഥിക്കുന്നു. ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം), തഹസിൽദാർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. എൻഡിആർഎഫ് വിഭാഗം ഈ മേഖലയിൽ സജ്ജമാണ്.
പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി. ജനങ്ങള്‍ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം. റാന്നിയില്‍ പലയിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. അറയാഞ്ഞിലിമണ്‍ കോസ്വേ മുങ്ങി. പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയര്‍ന്നു, നാഥനടി, ചെറുമല ഭാഗങ്ങളില്‍ ജാഗ്രത. മൂഴിയാറില്‍ മലവെള്ളത്തില്‍ തടിപിടിക്കാന്‍ ചാടിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിമലയാറ്റിലും ജലനിരപ്പുയരുകയാണ്.