FeaturedHome-bannerKeralaNews

തീച്ചൂടിൽ കേരളം;സംസ്ഥാനത്ത്  വൈദ്യുതി ഉപഭോഗത്തിൽ സർവകാല റെക്കോർഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപഭോഗവും ഉയർന്നു. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 29ന് രേഖപ്പെടുത്തിയ 92.88 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. വൈദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയർന്നു. ഇതും സർവകാല റെക്കോർഡാണ്.

വൈദ്യുതി ബോർഡിന്റെ അണക്കെട്ടുകളിൽ വെള്ളവും കുറവാണ്. 171.4 കോടി യൂണിറ്റ് ഉപയോഗിക്കാനുള്ള വെള്ളമാണ് ബാക്കിയുള്ളത്. കഴിഞ്ഞ നാലുവർഷങ്ങളിലെ ഏറ്റവും കുറവാണിത്.

വെള്ളിയാഴ്ചയും തൃശ്ശൂരും പാലക്കാട്ടും കണ്ണൂരും ചൂട് 39 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനൽകി. പതിവിലും മൂന്നുമുതൽ നാലു ഡിഗ്രിവരെ കൂടുതൽ. കോട്ടയത്തും കോഴിക്കോട്ടും 2-3 ഡിഗ്രി ഉയർന്ന് 37 ഡിഗ്രിവരെ എത്തും. 39 ഡിഗ്രി എന്നത് അസഹ്യവും സൂര്യാഘാതത്തിന് സാധ്യതയുമുള്ളതുമാണ്. പുലർകാലത്തെ ചൂടും ഇപ്പോൾ കൂടുതലാണ്.

ഒാട്ടേമാറ്റഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ കൂത്താട്ടുകുളം (എറണാകുളം), ചെമ്പേരി, ഇരിക്കൂർ (കണ്ണൂർ), കൊല്ലങ്കോട്, മലമ്പുഴ ഡാം, മണ്ണാർക്കാട്, ഒറ്റപ്പാലം, പോത്തുണ്ടി ഡാം (പാലക്കാട്), പീച്ചി (തൃശ്ശൂർ) എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച 40 ഡിഗ്രിക്ക് മുകളിൽ ചൂടെത്തിയത്. ബുധനാഴ്ച 14 സ്ഥലങ്ങളിൽ 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. എന്നാൽ ഈ കേന്ദ്രങ്ങൾ പുതിയതായതിനാൽ അവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ ആധികാരികമാണെന്ന് കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

താപസൂചിക

അന്തരീക്ഷത്തിലെ ഊഷ്മാവിന്റെ അളവുംകൂടി ചേർത്ത് ദുരന്തനിവാരണ അതോറിറ്റി പരീക്ഷണാടിസ്ഥാനത്തിൽ താപസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു പ്രദേശത്ത് ശരിക്കും അനുഭവപ്പെടുന്ന ഉഷ്ണമാണ് താപസൂചിക. എന്നാൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കുന്നുവെന്ന പരാതികളെത്തുടർന്ന് താപസൂചിക ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല.

40 ഡിഗ്രി ആയാൽ ഉഷ്ണതരംഗം

ഒരുസ്ഥലത്തെ താപനില രണ്ടുദിവസം സ്ഥിരമായി 40 ഡിഗ്രിയോ അതിന് മുകളിലോ ആണെങ്കിൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം പ്രഖ്യാപിക്കും. 4.5 മുതൽ 6.4 ഡിഗ്രിവരെ താപനില ഉയർന്നാൽ ഉഷ്ണതരംഗവും അതിന് മുകളിലാണെങ്കിൽ തീക്ഷ്ണ താപതരംഗവും. മുമ്പ് പല വർഷങ്ങളിലും പാലക്കാട്ട് ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടുണ്ട്.

3-4 ഡിഗ്രി ഉയരാം

തൃശ്ശൂർ, പാലക്കാട്, കണ്ണൂർ- സാധ്യത 39 ഡിഗ്രി

2-3 ഡിഗ്രി ഉയരാം

കോട്ടയം, കോഴിക്കോട്- സാധ്യത 37 ഡിഗ്രി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button