റെക്കോഡുകള്‍ പഴങ്കഥ; ആദ്യദിന കളക്ഷനില്‍ ഞെട്ടിച്ച് പുഷ്പ 2
മുംബൈ: സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പില്‍ ഇറങ്ങിയ സിനിമയാണ് പുഷ്പ 2 ദ റൂള്‍. ഈ ഹൈപ്പിന് അനുസരിച്ച് ആദ്യ ദിന കളക്ഷന്‍ ഡിസംബര്‍ അഞ്ചിന് റിലീസായ ചിത്രം നേടിയെന്നാണ് വിവരം. സമീപകാലത്തെ ഏറ്റവും വലിയ ഓപ്പണിംഗാണ് ഇന്ത്യയില്‍ മാത്രം ചിത്രം നേടിയിരിക്കുന്നത് എന്നാണ് ട്രാക്കിംഗ് സൈറ്റായ സാക്നില്‍ക്.കോം പറയുന്നത്.
175.1 കോടിയാണ് ആദ്യ കണക്കുകള്‍ പ്രകാരം ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നേടിയിരിക്കുന്നത്. ഏര്‍ളി പ്രീമിയര്‍ വരുമാനവും ചേര്‍ത്താണ് ഈ കണക്ക്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടേക്കാവുന്ന ഔദ്യോഗിക കണക്ക് ഇതിനേക്കാള്‍ ഏറെയായിരിക്കും എന്നാണ് സിനിമ ട്രേഡ് ട്രാക്കര്‍മാര്‍ പറയുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിംഗ് ഡേ കളക്ഷന്‍ എന്ന റെക്കോഡാണ് ഇതോടെ പുഷ്പ നേടാന്‍ പോകുന്നത്.
അഞ്ച് ഭാഷകളിലാണ് സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജുന്‍ പ്രധാന വേഷത്തില്‍ എത്തിയ പുഷ്പ 2 ദ റൂള്‍ ഇറങ്ങിയത്. ഇതില്‍ തെലുങ്കിലാണ് കൂടിയ കളക്ഷന്‍ 95.1 കോടി. നോര്‍ത്ത് ഇന്ത്യയില്‍ പുഷ്പ വന്‍ സാന്നിധ്യമായി എന്ന തെളിവാണ് ഹിന്ദി പതിപ്പിന്‍റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ് ചിത്രം ഹിന്ദിയില്‍ നിന്നും നേടിയത്. തമിഴില്‍ നിന്നും ആദ്യ ദിനം 7 കോടിയാണ് ലഭിച്ചത്. മലയാളത്തില്‍ നിന്നും 5 കോടിയും, കന്നട പതിപ്പില്‍ നിന്നും 1 കോടിയും പുഷ്പ നേട്ടം ഉണ്ടാക്കി.
ഹിന്ദിയില്‍ ജവാനെ മറികടന്ന് ആദ്യദിനത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന ഓള്‍ ടൈം പടമായി പുഷ്പ 2 മാറികഴിഞ്ഞു. സാക്നില്‍ക് കണക്ക് പ്രകാരം ജവാന്‍ ആദ്യദിനത്തില്‍ 65.5 കോടിയാണ് നേടിയത്. പുഷ്പ 2 അത് തിരുത്തി 67 കോടിയാണ് നേടിയിരിക്കുന്നത്.
റിലീസ് ദിവസത്തില്‍ തെലുങ്ക് പതിപ്പ് പുഷ്പ 2 ദ റൂളിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി 82.66 ശതമാനമാണ്. ഹിന്ദി പതിപ്പിന്‍റെ നെറ്റ് ഷോ ഒക്യുപെന്‍സി 84.75 ശതമാനം ആയിരുന്നു.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തിയപ്പോള്‍ തീയറ്റര്‍ അടക്കിവാഴുന്ന ഓപ്പണിംഗാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം.