കൊച്ചി: അവയവക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. ഹൈദരാബാദിൽ നിന്നുള്ളയാളാണ് തന്നെ അവയവ മാഫിയയുമായി ബന്ധിപ്പിച്ചതെന്ന് നേരത്തെ അറസ്റ്റിലായ തൃശൂർ വലപ്പാട് എടമുട്ടം കോരുകുളത്ത് വീട്ടിൽ സാബിത്ത് നാസർ (30) അന്വേഷണ സംഘത്തോട് പറഞ്ഞു.
2019ൽ സ്വന്തം വൃക്ക വിറ്റതോടെയാണ് അവയവക്കച്ചവടത്തിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞത്. സാമ്പത്തികമായി തകർന്നതോടെ അവയവം വിറ്റ് പണം കണ്ടെത്താൻ 2019ലാണ് സാബിത്ത് ശ്രീലങ്കയിലേക്ക് പറന്നത്. ഹൈദരാബാദ് സംഘമാണ് ശ്രീലങ്കയിൽ എത്തിച്ചത്. ഇവിടെ പരിചയപ്പെട്ട മധു റാക്കറ്റിലേക്ക് അടുപ്പിച്ചു.
ഇടനില നിന്നാൽ വൻതുക കിട്ടുമെന്ന് തിരിച്ചറിഞ്ഞതോടെ സാബിത്ത് പൂർണമായും ഇതിലേക്ക് തിരിയുകയായിരുന്നു. ഇയാൾ കോടികൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഭാര്യ ഉപേക്ഷിച്ചതോടെ അധികസമയവും ഇറാനിലായിരുന്നു. ഇന്ത്യയിൽ നിന്ന് എത്തുന്ന ദാതാക്കളുടെ കാര്യങ്ങൾ സാബിത്താണ് ഇറാനിൽ നോക്കിയിരുന്നത്.
മലയാളിയടക്കം ഇരുപതുപേരെ അവയവ കൈമാറ്റത്തിനായി ഇറാനിൽ എത്തിച്ചെന്നാണ് ഇയാളുടെ മൊഴി. ഇതിലേറെപ്പേർ ഇരയായിട്ടുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നു. ഇരകളുടെ വിവരങ്ങൾ നെടുമ്പാശേരി പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പാലക്കാട് സ്വദേശിയെയാണ് ഒരു വർഷം മുമ്പ് കടത്തിയത്. കൂടുതലും സ്ത്രീകളാണ്. രണ്ട് പേർ ഇറാനിൽ മരിച്ചതായി പൊലീസിന് സൂചന ലഭിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളിലെ ആളുകളെയാണ് മുഖ്യമായും ഇറാനിലേക്ക് കടത്തിയത്.
ഇരകളുടെ വ്യാജ പാസ്‌പോർട്ടും ആധാറും ഉണ്ടാക്കിയായിരുന്നു ഇടപാട് നടത്തിയത്. രോഗിയുമായി 60 ലക്ഷം രൂപയ്ക്ക് പാക്കേജ് ഉണ്ടാക്കുന്ന മാഫിയ, ദാതാവിന് നൽകുന്നത് ആറ ലക്ഷം രൂപയും ആശുപത്രി ചെലവും ടിക്കറ്റ് താമസം എന്നിവയുമാണ്. ഭീമമായ തുക ആശുപത്രിയിൽ ചെലവഴിച്ചെന്ന് ഇരയെ തെറ്റിദ്ധരിപ്പിക്കും. ആളൊന്നിന് 25 ലക്ഷത്തിൽ കൂടുതൽ ഇവരുടെ പോക്കറ്റിൽ വീഴും.
ശനിയാഴ്ച രാത്രി ഇറാനിൽ നിന്ന് കുവൈറ്റ് വഴി കൊച്ചിയിലെത്തിയ സാബിത്തിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. സാബിത്തിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിനായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
അവയവക്കച്ചവടത്തിലെ പ്രധാനി ഇറാനിൽ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാൾ കൂടി പിടിയിലായെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. സാബിത്ത് ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഷമീറിനെ കണ്ടെത്തി പരാതിയിൽ തുടർ നടപടികൾ എടുക്കാനാണ് തീരുമാനം.
അവയവക്കടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെ, രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി.