ബാലോൺ ഡി ഓർ പുരസ്കാരം കരീം ബെൻസെമയ്ക്ക്, മെസി സാധ്യതാ പട്ടികയിൽ പോലും ഉൾപ്പെട്ടില്ല
പാരീസ്:ഈ വർഷത്തെ ബാലോൺ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസെമയ്ക്ക്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.
യുവേഫ പുരസ്കാരം സ്വന്തമാക്കിയ റയൽ മാഡ്രിഡിന്‍റെ ഗോളടിയന്ത്രം കരീം ബെൻസെമ തന്നെയായിരുന്നു സാധ്യതാ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്. ചാംപ്യൻസ് ലീഗും സ്പാനിഷ് ലീഗും റയലിന് സമ്മാനിച്ച താരമാണ് ബെൻസെമ. 46 മത്സരങ്ങളിൽ 44 ഗോളുകളാണ് ബെൻസെമ നേടിയത്.
ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കി, ലിവർപൂളിന്റെ മുഹമ്മദ് സലാ, ബയേൺ മ്യൂണിക് താരം സാദിയോ മാനെ, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ടായിരുന്നു. നിലവിലെ ജേതാവ് ലിയോണൽ മെസ്സിക്ക് സാധ്യതാ പട്ടകയിൽ ഇടംനേടാനായില്ലെന്നതും ചർച്ചയായിരുന്നു. ലോകമെമ്പാടുമുള്ള 180 ഫുട്ബോൾ ജേർണലിസ്റ്റുകളാണ് ജേതാവിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. വനിതാ ബാലോൺ ഡി ഓർ, മികച്ച യുവതാരത്തിനുള്ള കോപ ട്രോഫി, മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി എന്നിവയും സമ്മാനിക്കും.
അലക്സിയ പുട്ടിയാസ് ആണ് മികച്ച വനിതാ താരം. യുവതാരത്തിനുള്ള കോപ്പ ട്രോഫിക്ക് ബാഴ്സലോണയുടെ ഗാവി അർഹനായി.