EntertainmentKeralaNews

‘കുറുപ്പും’ വീണു, മുന്നിലുള്ളത് ‘ഭീഷ്‍മ’; മലയാളത്തിലെ എക്കാലത്തെയും അഞ്ചാമത്തെ ഹിറ്റ് ആയി ആര്‍ഡിഎക്സ്

കൊച്ചി:സര്‍പ്രൈസ് ഹിറ്റ് എന്ന് പൂര്‍ണ്ണമായും പറയാനാവില്ലെങ്കിലും ആര്‍ഡിഎക്സ് എന്ന ചിത്രം ഇത്ര വലിയൊരു വിജയമാവുമെന്ന് സിനിമാലോകം കരുതിയിരുന്നില്ല.

യുവതാരനിരയില്‍ പെട്ട ആന്‍റണി വര്‍ഗീസും ഷെയ്ന്‍ നിഗവും നീരജ് മാധവും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തിയ ചിത്രം നിര്‍മ്മിച്ചത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആയിരുന്നു.

ഉള്ളടക്കത്തിന്‍റെ മൂല്യം മനസിലാക്കി സേഫ് സോണ്‍ പരിഗണിക്കാതെ ചിത്രം ആവശ്യപ്പെടുന്ന ബജറ്റ് മുടക്കാന്‍ തയ്യാറായ നിര്‍മ്മാതാവ് തന്നെയാണ് ഈ വിജയത്തിന്‍റെ നെടുംതൂണ്‍. ഓണം റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ ചില റെക്കോര്‍ഡുകളൊക്കെ നേരത്തേതന്നെ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ലിലേക്കും എത്തിയിരിക്കുകയാണ് ചിത്രം.

മലയാളത്തിലെ എക്കാലത്തെയും വലിയ അഞ്ചാമത്തെ ബോക്സ് ഓഫീസ് കളക്ഷന്‍ എന്ന നേട്ടത്തിലേക്കാണ് ചിത്രം എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പിനെ പിന്തള്ളിയാണ് ആര്‍ഡിഎക്സ് മലയാള സിനിമയിലെ എക്കാലത്തെയും വലിയ അഞ്ച് സാമ്പത്തിക വിജയങ്ങളുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.

കുറുപ്പിന്‍റെ ലൈഫ് ടൈം കളക്ഷന്‍ 81 കോടി ആയിരുന്നെന്നും 24 ദിവസം കൊണ്ടാണ് ആര്‍ഡിഎക്സ് ഇതിനെ മറികടന്നിരിക്കുന്നതെന്നും പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അതേസമയം നാലാം സ്ഥാനത്ത് നിലവിലുള്ളത് മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വമാണ്. ലൈഫ് ടൈം കളക്ഷനില്‍ ആര്‍ഡിഎക്സ് ഭീഷ്മയെ മറികടക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

കേരളത്തില്‍ നിന്ന് മാത്രം 50 കോടി ഗ്രോസ് എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു ചിത്രം. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാളചിത്രമാണ് ആര്‍ഡിഎക്സ്. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നിവ മാത്രമാണ് മലയാളത്തില്‍ നിന്ന് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ മൂന്ന് ഇതരഭാഷാ ചിത്രങ്ങളും ആര്‍ഡിഎക്സിന് മുന്‍പ് ഈ നേട്ടത്തില്‍ എത്തിയിട്ടുണ്ട്. ബാഹുബലി 2, കെജിഎഫ് 2, ജയിലര്‍ എന്നിവയാണ് അവ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker