
തിരുവനന്തപുരം: റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തി കൊവിഡ് പോസിറ്റീവായ 4 പേരുടെയും സമ്പര്‍ക്കത്തിലായവരുടെയും ജനിതകശ്രേണീകരണ ഫലം കാത്ത് കേരളം. ജര്‍മനിയില്‍ നിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തമിഴ്‌നാട് സ്വദേശിനി, ബ്രിട്ടനില്‍നിന്നു കോഴിക്കോട്ടെത്തിയ ആരോഗ്യപ്രവര്‍ത്തകന്‍, ഇദ്ദേഹത്തിന്റെ അമ്മ എന്നിവരുടെ ഫലം ഇന്നു വരുമെന്നാണു കരുതുന്നത്. ഇന്നലെ സെര്‍ബിയയില്‍നിന്നു കോഴിക്കോട്ടെത്തിയ പഞ്ചാബ് സ്വദേശിക്കും ഞായറാഴ്ച റഷ്യയില്‍ നിന്നു കൊച്ചിയിലെത്തിയ ഒരാള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സാംപിളുകളും പരിശോധനയ്ക്കയച്ചു.
ഇതിനിടെ, മഹാരാഷ്ട്രയില്‍ 2 പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കേസുകള്‍ 23 ആയി. ദക്ഷിണാഫ്രിക്ക, യുഎസ് എന്നിവിടങ്ങളില്‍നിന്നു മുംബൈയിലെത്തിയവര്‍ക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം 10 ഒമിക്രോണ്‍ കേസുകളായി. രാജസ്ഥാന്‍ (9), കര്‍ണാടക (2), ഗുജറാത്ത് (1), ഡല്‍ഹി (1) എന്നീ സംസ്ഥാനങ്ങളിലാണ് മറ്റുള്ളവര്‍.ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം വഴിയുള്ള കോവിഡ് വ്യാപനം ഫെബ്രുവരിയില്‍ പാരമ്യത്തിലെത്തുമെന്ന് ഐഐടി ഗവേഷകരുടെ മുന്നറിയിപ്പ്.
പ്രതിദിനം ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനിടയുണ്ട്. രണ്ടാം തരംഗവുമായുള്ള താരതമ്യത്തില്‍ വൈറസ് വ്യാപനത്തിന്റെ തോതും ആഘാതവും കുറവായിരിക്കുമെന്നും സ്ഥിതിവിവരക്കണക്കുകള്‍ അടിസ്ഥാനത്തിലുള്ള പ്രവചനം വ്യക്തമാക്കുന്നു. അതേസമയം, ഇത്തരം പ്രവചനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കാറില്ല.
ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു കൊവിഡ് വാക്‌സീന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കിയേക്കും. പ്രതിരോധ കുത്തിവയ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എന്‍ടിഎജിഐ) യോഗത്തില്‍ ഇതുസംബന്ധിച്ച ധാരണയായി. ശുപാര്‍ശ ആരോഗ്യമന്ത്രാലയത്തിനു കൈമാറുന്നതിനു മുന്‍പു സമിതി ഒരിക്കല്‍ കൂടി സ്ഥിതി വിലയിരുത്തും. നിലവിലുള്ള വാക്‌സീനുകള്‍ ഒമിക്രോണിനെതിരെ ഫലപ്രദമാകുമോ എന്നറിയാന്‍ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കാനാണ് തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ധാരണയായത്.
രാജ്യത്തു ബൂസ്റ്റര്‍ ഡോസ് അടിയന്തരമായി നല്‍കണമെന്ന ആവശ്യം ശക്തമാണ്. 40 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നു കേന്ദ്ര സര്‍ക്കാര്‍ സജ്ജമാക്കിയ ലാബുകളുടെ കണ്‍സോര്‍ഷ്യം (ഇന്‍സകോഗ്) നിര്‍ദേശിച്ചിരുന്നു. കോവിഡിനെതിരെ ഇന്ത്യയില്‍ 2021 ജനുവരി 16നാണ് കുത്തിവയ്പു തുടങ്ങിയത്. തുടക്കത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്‍നിര പോരാളികള്‍ക്കും മാത്രമായിരുന്നു വാക്‌സീന്‍.
അതേസമയം യുകെയില്‍ കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സമൂഹവ്യാപനം ഉണ്ടായതായി ആരോഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു. ഒമിക്രോണ്‍ വ്യാപനം തടയാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടില്‍ 261ഉം സ്‌കോട്‌ലന്‍ഡില്‍ 71ഉം വെയ്ല്‍സില്‍ നാലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതില്‍ വിദേശയാത്ര നടത്താത്തവരും ഉണ്ട്. അതിനാല്‍ ഇംഗ്ലണ്ടിലെ ഒന്നിലധികം പ്രദേശത്ത് ഇപ്പോള്‍ സമൂഹവ്യാപനം ഉണ്ടെന്നാണ് തങ്ങളുടെ നിഗമനമെന്നും ജാവിദ് പറഞ്ഞു. ഒമിക്രോണ്‍ തടയാന്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രിസ്മസിനു മുന്‍പ് അത്തരം നടപടികള്‍ ഏര്‍പ്പെടുത്തന്നത് തള്ളികളയാന്‍ സാധിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്.