FeaturedHome-bannerKeralaNews

രഞ്ജി ഫൈനല്‍: സമനിലയ്ക്ക് സമ്മതിച്ച് ഇരു ടീമുകളും; വിദര്‍ഭയ്ക്ക് മൂന്നാം കിരീടം

നാഗ്പൂര്‍: രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. കേരളത്തിനെതിരായ ഫൈനലില്‍ സമനിലയില്‍ അവസാനിച്ചതോടെയാണ് വിദര്‍ഭ കിരീടം നേടിയത്. അവരുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. കേരളം രഞ്ജി ട്രോഫി ആദ്യ കിരീടത്തിനായി ഇനിയും കാത്തിരിക്കണം. രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ചാംപ്യന്മാരാകുന്നത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു അവര്‍ക്ക്. രണ്ടാം ഇന്നിംഗ്‌സിലെ സ്‌കോര്‍ കൂടിയായപ്പോള്‍ 412 റണ്‍സ് ലീഡായി അവര്‍ക്ക്. ദര്‍ശന്‍ നാല്‍കണ്ഡെ (51), യാഷ് താക്കൂര്‍ (8) പുറത്താവാതെ നിന്നു. മത്സരത്തിന് ഫലമുണ്ടാവില്ലെന്ന് ഉറപ്പിച്ചതോടെ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.

അഞ്ചാം ദിനം കരുണ്‍ നായരുടെ വിക്കറ്റാണ് വിദര്‍ഭയ്ക്ക് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രമാണ് കരുണിന് ചേര്‍ക്കാനായത്. ആദിത്യ സര്‍വാതെയുടെ പന്തില്‍ ക്രീസ് വിട്ട് കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. 10 ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്സ്. കരുണ്‍ ഈ ആഭ്യന്തര സീസണില്‍ നേടുന്ന ഒമ്പതാം സെഞ്ചുറിയാണിത്. പിന്നാലെ അര്‍ഷ് ദുബെ (4), അക്ഷയ് വഡ്കര്‍ (25) എന്നിവരെ കൂടി മടക്കി കേരളം വേഗത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി. എന്നാല്‍ അക്ഷയ് കര്‍നെവാര്‍ (30) – ദര്‍ശന്‍ നാല്‍കണ്ഡെ (51*) സഖ്യത്തിന്റെ ചെറുത്ത് നില്‍പ്പ് അവരുടെ ലീഡ് 350 കടത്തി. 48 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.

കര്‍നെവാറിനെ പുറത്താക്കി എന്‍ ബേസില്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ നചികേത് ഭുതെ (3) സര്‍വാതെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. പിന്നാലെ അവസാന വിക്കറ്റില്‍ യഷ് താക്കൂറിനെ കൂട്ടുപിടിച്ച് നാല്‍കണ്ഡെ വിദര്‍ഭയുടെ ലീഡ് 400ന് അപ്പുറമെത്തിച്ചു. നാലാം ദിനം ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73), യഷ് റാത്തോഡ് (24) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. രണ്ടാം ഇന്നിംഗ്സില്‍ ഏഴ് റണ്‍സിനിടെ തന്നെ വിദര്‍ഭയുടെ രണ്ട് വിക്കറ്റുകളെടുക്കാന്‍ കേരളത്തിന് സാധിച്ചിരുന്നു. രെഖാതെ, ജലജിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ ധ്രുവിനെ നിധീഷ് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിക്കുകയായിരുന്നു. 

പിന്നീട് മലേവാര്‍ – കരുണ്‍ സഖ്യം 182 റണ്‍സ് കൂട്ടിചേര്‍ത്തു. മലേവാറിനെ പുറത്താക്കി അക്ഷയ് ചന്ദ്രനാണ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ യഷ് റാത്തോഡും (24) മടങ്ങി. ആദിത്യ സര്‍വാതെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഇതിനിടെ 31 റണ്‍സെടുത്ത് നില്‍ക്കെ കരുണ്‍ നല്‍കിയ അവസരം സ്ലിപ്പില്‍ അക്ഷയ് ചന്ദ്രന്‍ വിട്ടുകളയുകയും ചെയ്തിരുന്നു. സര്‍വാതെ നാല് വിക്കറ്റ് വീഴ്ത്തി. എം ഡി നിധീഷ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍ തുടങ്ങിയവര്‍ ഒരോ വിക്കറ്റ് നേടി. 

നേരത്തെ, സച്ചിന്‍ ബേബി (98), ആദിത്യ സര്‍വാതെ (79) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തിന് ആശ്വാസമായത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദര്‍ശന്‍ നാല്‍കണ്ഡെ, ഹര്‍ഷ് ദുബെ, പാര്‍ത്ഥ് രെഖാതെ എന്നിവരുടെ പ്രകടനമാണ് കേരളത്തിന് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നിഷേധിച്ചത്. ഇനി മത്സരം സമനിലയില്‍ അവസാനിച്ചാല്‍ പോലും ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ വിദര്‍ഭ ചാംപ്യന്‍മാരാകും. കേരളത്തിന് കന്നി രഞ്ജി കിരീടം നേടണമെങ്കില്‍ മത്സരം ജയിക്കുക അല്ലാതെ വേറെ വഴിയില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker