റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡണ്ട്
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് ഗോതബായ രാജപക്സെക്ക് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെക്കേണ്ടിവന്നതിനെത്തുടർന്ന് വിക്രമസിംഗെയെ പ്രസിഡന്റായി നിയമിച്ചത്. വിക്രമസിംഗെ ആക്ടിംഗ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 134 വോട്ടുകൾ നേടിയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്. തമിഴ് നാഷണൽ അലയൻസിൻറെ വോട്ടുകൾ കൂടി വിക്രമസിംഗെ നേടി.
ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് റനിൽ പാർലമെൻറിൽ പറഞ്ഞു. ഒരു വർഷത്തിനകം സാമ്പത്തിക രംഗം ശക്തിപ്പെടുത്തും. 2024ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആറു തവണ ലങ്കൻ പ്രധാനമന്ത്രിയായ പരിചയമുണ്ട് വിക്രമസിംഗെക്ക്.
റെനില്‍ വിക്രമസിംഗെയെ കൂടാതെ സിംഹള ബുദ്ധ ദേശീയവാദിയായ ഡള്ളസ് അളഹപ്പെരുമ, ഭരണകക്ഷിയായ എസ്എല്‍പിപിയില്‍ നിന്ന് വേര്‍പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച അനുര കുമാര ദിസാനായകെയുമാണ് മത്സരരംഗത്തുള്ളത്. റെനില്‍ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായിരുന്ന എസ്എല്‍പിപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. 225 അംഗ സഭയിൽ 113 പേരുടെ പിന്തുണയാണ് വിജയിക്കാൻ വേണ്ടിയിരുന്നത്. ഡള്ളസ് അളഹപ്പെരുമയ്ക്ക് പിന്തുണ നല്‍കുന്നതിനായി പ്രധാന പ്രതിപക്ഷമായ എസ്ജെബി, സ്ഥാനാര്‍ത്ഥിയായ സജിത് പ്രമേദാസയെ പിന്‍വലിച്ചിരുന്നു.
പ്രതിപക്ഷ നിരയിലെ തമിഴ് പ്രോഗസീവ് അലയൻസ് പാർട്ടി പിന്തുണയ്ക്കുമെന്ന വിക്രമസിംഗെയുടെ കണക്കുകൂട്ടൽ ശരിയായി. സംഘർഷസാധ്യത കണക്കിലെടുത്ത് പാർലമെൻറിന് മുന്നിൽ സുരക്ഷ വർധിപ്പിച്ചു. റെനിൽ വിക്രമസിംഗെയെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി ആക്ടിങ് പ്രസിഡൻറിൻറെ കോലം പ്രസിഡൻറ് ഓഫീസിന് മുന്നിൽ പ്രക്ഷോഭകർ കത്തിച്ചിരുന്നു.