ആര്യയുടെ ഡ്രസ്സ് കണ്ടിട്ടാണ് ബഡായ് ബംഗ്ലാവിലേക്ക് എടുക്കുന്നത്; വലിയ സംഭവമാണെന്ന് നേരത്തെ മനസിലായെന്ന് പിഷാരടി
കൊച്ചി:ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടി ബിഗ് ബോസിലൂടെ വിമര്‍ശനങ്ങള്‍ നേടിയ നടിയും അവതാരകയുമായ ആര്യ തന്റെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളിലാണ്. ഓണ്‍ലൈനിലൂടെ സാരികളുടെ ബിസിനസ് തുടങ്ങിയ ആര്യ കൊച്ചിയിലും പുതിയൊരു ഷോറൂം ആരംഭിച്ചിരുന്നു. അടുത്തിടെ മകളുടെ ജന്മദിനത്തിലാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്.
എന്നാല്‍ ആ ചടങ്ങ് വിപുലമായ രീതിയില്‍ നടത്തിയിനെ പറ്റി പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. നടനും അവതാരകനും സംവിധായകനുമൊക്കെയായ രമേഷ് പിഷാരടിയാണ് ആര്യയുടെ ഷോറൂമിന്റെ ഉദ്ഘാടകനായിട്ടെത്തിയത്. ശേഷം ആര്യയെ കുറിച്ചും പുത്തന്‍ ബിസിനസിനെ പറ്റിയുമൊക്കെ പിഷാരടിയും തുറന്ന് സംസാരിച്ചിരുന്നു.
ഇന്ന് നമ്മുടെ കൊച്ചിയിലെ സ്‌റ്റോറിന്റെ ഉദ്ഘാടനമാണെന്ന് പറഞ്ഞാണ് യൂട്യൂബിലൂടെ പുതിയ വീഡിയോയുമായി ആര്യ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇത് തന്നെയല്ലേ നടത്തിയത് എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും.
പുതിയ സ്‌റ്റോര്‍ മകളുടെ പിറന്നാള്‍ ദിനത്തില്‍ വിളക്ക് കൊളുത്തി തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് മകളുടെ ജന്മദിനത്തിന്റെ അന്ന് ചെറിയ രീതിയില്‍ ഉദ്ഘാടനം നടത്തിയത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി കുറച്ചു പേര്‍ മാത്രമേ അന്നത്തെ ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളു.
അത്യാവശ്യം സ്റ്റോക്ക് നിറയ്ക്കുകയും തീരാനുണ്ടായിരുന്ന പണികളൊക്കെ തീര്‍ക്കുകയും ചെയ്തു. എന്നാല്‍ ഔദ്യോഗികമായി എല്ലാവരെയും വിളിച്ച് ഷോപ്പിന്റെ ഉദ്ഘാടനം നടത്തുകയാണ്. എനിക്കേറെ സ്പെഷലായിട്ടുള്ള, മൈ ബെസ്റ്റ് ഹാഫ് ഓണ്‍സ്‌ക്രീന്‍ രമേഷ് പിഷാരടിയാണ് കൊച്ചി സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുന്നത്. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞ് ഞങ്ങള്‍ റെഡിയായി ഇരിക്കുകയാണെന്നും വീഡിയോയുടെ ഇന്‍ട്രോയില്‍ ആര്യ പറയുന്നു.
കാഞ്ചീപുരം ഡോട്ട് ഇന്‍ എന്ന പേരില്‍ ഓണ്‍ലൈനിലൂടെ തുടങ്ങിയ ബിസിനസായിരുന്നു ഇത്. തിരുവനന്തപുരത്ത് ചെറിയൊരു ഷോപ്പ് ഉണ്ടായിരുന്നു. എന്നാല്‍ കൊച്ചിയില്‍ വിപുലമായൊരു സ്‌റ്റോര്‍ തന്നെ തുടങ്ങാന്‍ സാധിച്ചു. നിങ്ങളുടെ എല്ലാവരും സപ്പോര്‍ട്ട് ചെയ്തത് കൊണ്ടാണ് ഇങ്ങനൊരു മുന്നേറ്റം കൂടി നടത്താന്‍ സാധിച്ചത്. ആ സ്‌നേഹവും സപ്പോര്‍ട്ടും എന്നും കൂടെ ഉണ്ടാവണം.
ആര്യയെ ആദ്യം ബഡായി ബംഗ്ലാവിലേക്ക് തിരഞ്ഞെടുക്കുമ്പോള്‍ അവതാരകയാണോ തമാശ കൈകാര്യം ചെയ്യുന്ന ആളാണോ എന്നൊന്നും അറിയില്ലായിരുന്നു. ആര്യയുടെ ഡ്രസിംഗ് സെന്‍സാണ് ആ പരിപാടിയിലേക്ക് തിരഞ്ഞെടുക്കാന്‍ കാരണമായത്. ചില പരിപാടികളിലൊക്കെ നല്ല ഡ്രസ്സൊക്കെ ഇട്ട് നില്‍ക്കുന്നുണ്ട്.
അതുകൊണ്ട് എപ്പിസോഡുകളിലും നന്നായി വരാന്‍ പറ്റുമെന്ന് തോന്നിയിരുന്നു. ഇപ്പോള്‍ ആ മേഖലയില്‍ തന്നെ ആര്യ സ്വന്തമായി ഒരു ബിസിനസ് തുടങ്ങി. ആദ്യം സുഹൃത്തുക്കള്‍ക്കൊപ്പമാണെങ്കില്‍ പിന്നെ അതൊരു പ്രസ്ഥാനമാക്കി ആര്യ മാറ്റി. ചെറിയ ഷോറൂമാണെന്ന് ആര്യ രണ്ട് തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. അതില്‍ നിന്ന് തന്നെ ഒരു വലിയ ഷോറൂം തന്നെ വരുന്നുണ്ടെന്ന് തന്നെ എനിക്ക് മനസിലായി. ഇനിയും വരട്ടെ, എല്ലാവിധ ആശംസകളും.
നല്ല സാരികള്‍ മോഡലിന് അനുസരിച്ചൊക്കെ ഇവിടെയുണ്ടെന്ന് കാണുമ്പോള്‍ തന്നെ മനസിലാകുന്നുണ്ടെന്ന് പറഞ്ഞ പിഷാരടി ഇങ്ങനെയൊക്കെ പൊക്കി പറഞ്ഞാല്‍ പോരേയെന്നായിരുന്നു ആര്യയോട് ചോദിച്ചത്. മതിയെന്ന് ആര്യയും പറയുന്നു. ഒരുപാട് സന്തോഷമുള്ള ദിവസമായിരുന്നു.
വിചാരിച്ചത് പോലെ എല്ലാം ഭംഗിയായി നടന്നു. സുഹൃത്തുക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തുവെന്നും ആര്യ പറയുകയാണ്. എല്ലാം കൊണ്ടും സന്തോഷമുള്ള ദിവസമാണ്. നിങ്ങളുടെ പിന്തുണയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ഇനിയും അത് തുടരണമെന്നും ആര്യ പറഞ്ഞു.
ഇടയ്ക്ക് ബിഗ് ബോസ് ഷോ യിലേക്ക് പോയതോട് കൂടിയാണ് ആര്യയുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. അതുവരെ കൂടെയുണ്ടായിരുന്ന കാമുകന്‍ നടിയെ ഉപേക്ഷിച്ച് പോയതും സൈബര്‍ ആക്രമണങ്ങളുമൊക്കെയായി വല്ലാത്തൊരു അവസ്ഥയിലൂടെയാണ് ആര്യ കടന്ന് പോയിരുന്നത്. ഒടുവില്‍ പ്രതിസന്ധികളൊക്കെ മറികടന്ന് ജീവിതത്തില്‍ പുതിയ നേട്ടങ്ങളിലേക്ക് എത്തിയിരിക്കുകയാണ് താരം.