‘എനിക്ക് യോഗയും ആയുര്‍വേദവുമുണ്ട്, വാക്‌സിന്‍ ആവശ്യമില്ല’; അലോപ്പതിക്കെതിരെ വീണ്ടും ബാബാ രാംദേവ്
ന്യൂഡല്‍ഹി: അലോപ്പതിക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി യോഗാചാര്യന്‍ ബാബാ രാംദേവ്. കൊവിഡിനെതിരെ പോരാടാന്‍ ലോകം മുഴുവന്‍ വാക്സിന്‍ സ്വീകരിക്കുന്ന വേളയില്‍ തനിക്ക് വാക്സിന്‍ വേണ്ടെന്ന വാദവുമായാണ് രാംദേവ് രംഗത്തെത്തിയിരിക്കുന്നത്.
താന്‍ വര്‍ഷങ്ങളായി യോഗയും ആയുര്‍വേദവും പരിശീലിക്കുന്നുണ്ടെന്നും തനിക്ക് വാക്സിന്‍ കുത്തിവച്ച് പ്രതിരോധ ശേഷി കൈവരിക്കേണ്ട ആവശ്യമില്ലെന്ന് രാംദേവ് പറയുന്നു. ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്ക് തന്റെ ചികിത്സയുടെ ഫലം തിരിച്ചറിയാമെന്നും രാംദേവ് പറയുന്നു.
വരും കാലങ്ങളില്‍ ആയുര്‍വേദം ആഗോള തലത്തില്‍ സ്വീകരിക്കപ്പെടും. അലോപ്പതി 100 ശതമാനം ഫലപ്രദമല്ലെന്നാണ് കോവിഡ് മൂലമുള്ള മരണങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് താനൊരിക്കലും കോവിഡ് വാക്സീന്‍ എടുക്കില്ലെന്നും രാംദേവ് നിലപാട് അറിയിച്ചു.
അലോപ്പതി അശാസ്ത്രീയമാണെന്ന ബാബാ രാംദേവിന്റെ പ്രസ്താവന വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. പരാമര്‍ശത്തിനെതിരെ ഐഎംഎയും രംഗത്തെത്തിയിരുന്നു. 1000കോടിയുടെ മാനനഷ്ടകേസും ഫയല്‍ ചെയ്തിരുന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അലോപ്പതിക്കെതിരെ ബാബാ രാംദേവിന്റെ പരാമര്‍ശം തുടരുന്നത്.