ഹൈദരാബാദ്:നിയമസഭാ തെരഞ്ഞെടുപ്പിൽ തെക്കൻ സംസ്ഥാനത്തെ ഏക കോട്ടയായ കർണാടകയിൽ ദയനീയമായി പരാജയപ്പെട്ടതോടെ തെലങ്കാനയിലേക്ക് ചുവടുവെക്കാൻ തയ്യാറെടുക്കുകയാണ് ഭാരതീയ ജനതാ പാർട്ടി (BJP).
ഇതിന് മുന്നോടിയായി തെലങ്കാനയിൽ രാമരാജ്യം സ്ഥാപിക്കുമെന്ന ആഹ്വനം നടത്തിയിരിക്കുകയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ (Himanta Biswa Sarma). കരിംനഗറിൽ ഹിന്ദു ഏകതാ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് “സംസ്ഥാനത്ത് രാജ ഭരണത്തെ താഴെയിറക്കി രാമരാജ്യം സ്ഥാപിക്കുമെന്ന” പ്രസ്താവന നടത്തിയത്.
“ഇന്നലെ, കർണാടക ഫലം പ്രഖ്യാപിച്ചു, ഹിന്ദുവിന്റെ പേരിൽ ഇന്ത്യയിൽ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് ആളുകൾ പറയുന്നത് ഞാൻ കണ്ടു. സൂര്യനും ചന്ദ്രനും ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ ദേശീയത നിലനിൽക്കും”. ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
എഐഎംഐഎം തലവനും എംപിയുമായ അസദുദ്ദീൻ ഒവൈസിക്കെതിരെയും ബിശ്വ ശർമ്മ ആഞ്ഞടിച്ചു. യൂണിഫോം സിവിൽ കോഡ് നടപ്പാക്കാനുള്ള ബിജെപിയുടെ ദീർഘകാല ദൃഢനിശ്ചയത്തെക്കുറിച്ച് സംസാരിച്ച ശർമ്മ പറഞ്ഞു, “യൂണിഫോം സിവിൽ കോഡ് ഇന്ത്യയിൽ കൊണ്ടുവരുമെന്നും തെലങ്കാനയിൽ ഹിന്ദു നാഗരികതയിലൂടെ രാമരാജ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു പുതിയ നാഗരികത കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.