തിരുവനന്തപുരം: ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജോസ്.കെ.മാണി തന്നെയാണ് മത്സരിക്കുന്നത്. ശൂരനാട് രാജശേഖരനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. നിലവിലെ അംഗബലത്തില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പാണ്.
യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേക്കേറിയപ്പോഴാണ് ജനുവരി 11ന് ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചത്. 2024 വരെ കാലാവധി ബാക്കി നില്‍ക്കുമ്പോഴായിരുന്നു രാജി. ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ജോസ് കെ.മാണിക്ക് തന്നെ നല്‍കാനായിരുന്നു എല്‍ഡിഎഫ് തീരുമാനം. 99 നിയമസഭാംഗങ്ങളുള്ള എല്‍.ഡി.എഫിന് വിജയം ഉറപ്പാണ്.
41 അംഗങ്ങളുള്ള യുഡിഎഫ് ഡോ.ശൂരനാട് രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കി. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ നിയമസഭാ സമുച്ചയത്തിലെ പ്രത്യേക പോളിംഗ് ബൂത്തിലായിരിക്കും എം.എല്‍.എമാര്‍ വോട്ടു രേഖപ്പെടുത്തുക. 5 മണിക്കാണ് വോട്ടെണ്ണല്‍. കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ എം.എല്‍.എമാര്‍ക്ക് വോട്ടുചെയ്യുന്നതിന് പ്രത്യേക സജ്ജീകരണമൊരുക്കും. നിയമസഭാ സെക്രട്ടറിയാണ് വരാണാധികാരി. 140 എം.എല്‍.എമാരില്‍ 71 പേരുടെ പിന്തുണ ലഭിക്കുന്നയാള്‍ വിജയിക്കും.