രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല,കാരണമിതാണ്
ചെന്നൈ: സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി. ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പ്രസ്താവനയിലൂടെ പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുന്നതെന്നാണ് താരത്തിന്‍റെ വിശദീകരണം. കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
രജനീകാന്തിന്‍റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കുമെന്നാണ് നേരത്തേ താരം തന്നെ വ്യക്തമാക്കിയത്. ജനുവരിയില്‍ സജീവ പ്രവര്‍ത്തനം തുടങ്ങുമെന്നും തമിഴ്നാട്ടില്‍ അത്ഭുതം സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ആര്‍എസ്എസ് വഴി ബിജെപി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് താരം ഒടുവിൽ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്. തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കമായെന്നടക്കം പറഞ്ഞ് രജനി മക്കൾ മണ്ഡ്രം അടക്കം ആരാധകസംഘടനകൾ വലിയ പ്രതീക്ഷയോടെയാണ് രാഷ്ട്രീയപ്രവേശം കാത്തിരുന്നത്.
തമിഴ്നാട്ടിൽ, ഡിഎംകെയുടെ വോട്ടുബാങ്ക് പിളർത്താൻ അടക്കം ഉദ്ദേശിച്ച് ബിജെപി കടുത്ത സമ്മർദ്ദമാണ് രാഷ്ട്രീയപ്രവേശനത്തിനായി രജനീകാന്തിന് മേൽ ചെലുത്തിയത്. എന്നാൽ, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുമ്പ്, തീരുമാനത്തിൽ നിന്ന് താരം പിൻമാറുമ്പോൾ, അത് ബിജെപിക്കും സംഘപരിവാറിനും തന്നെയാണ് തിരിച്ചടിയാകുന്നത്. താരത്തിന്‍റെ തന്നെ, അനിശ്ചിതത്വം നിറഞ്ഞ രാഷ്ട്രീയപ്രഖ്യാപനങ്ങളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടി.