KeralaNews

‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്‌നുമൊപ്പം’; രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിവാഹാശംസ പോസ്റ്റിനെ വിമര്‍ശിച്ച് ഹരീഷ് വാസുദേവന്‍

കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ ഇരട്ട സഹോദരന്മാരുടെ വിവാഹത്തില്‍ പങ്കെടുത്ത് വരന്മാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഫേസ്ബുക്കിലിട്ട പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചു. പോസ്റ്റിനെ പരിഹസിച്ചും വിമര്‍ശിച്ചും പലരും രംഗത്ത് വന്നതോടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ പോസ്റ്റ് മുക്കി.

വധുക്കള്‍ ഇല്ലാതെ വരന്മാരുടെ മാത്രം കൂടെയുള്ള ഫോടോ എംപി പങ്കുവെച്ചതാണ് വിമര്‍ശനത്തിന് കാരണമായത്. വരന്മാരുടെ കൂടെ നിന്നെടുത്ത് ഫോട്ടോയ്ക്ക് ‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്‌നുമൊപ്പം’ എന്നായിരുന്നു ഉണ്ണിത്താന്‍ നല്‍കിയ ക്യാപ്ഷന്‍. ഇതും വിമര്‍ശനത്തിന് കാരണമായി.

‘ഗേ വിവാഹത്തിന് പിന്തുണ അറിയിച്ച എംപി നല്ല മാതൃക ആണ്. ഇനിയും സ്വവര്‍ഗ വിവാഹങ്ങള്‍ ഉണ്ടാകട്ടെ’ എന്ന് എംപിയുടെ പോസ്റ്റിന് പരിസ്ഥിതി പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ കമന്റിട്ടു. ഇതോടെ, സംഭവം വലിയ തോതില്‍ ചര്‍ച്ചയായി. പോസ്റ്റ് ചര്‍ച്ചയായതോടെ എം.പി രണ്ട് തവണ വിശദീകരണവുമായി രംഗത്തെത്തി.

മഞ്ചേശ്വരത്തെ ഇരട്ട സഹോദരങ്ങള്‍ ആണെന്നും ഇവരുടെ രണ്ടുപേരുടെയും വിവാഹമായിരുന്നു ഇന്ന് നടന്നതെന്നും പോസ്റ്റ് എഡിറ്റ് ചെയ്തെങ്കിലും പോസ്റ്റിനു അധികം സമയം ആയുസ് ഉണ്ടായിരുന്നില്ല. എം.പി പോസ്റ്റ് മുക്കി. ഉണ്ണിത്താന്‍ പോസ്റ്റ് മുക്കിയതോടെ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍ രംഗത്ത് വന്നു.

‘സ്ത്രീകളില്ലാത്ത വിവാഹം. വിവാഹം എന്നത് ഒരാള്‍ മറ്റൊരാളോടൊപ്പം പങ്കാളിയായി ജീവിക്കാന്‍ തുടങ്ങുന്ന പരിപാടിയാണ് എന്നാണ് എന്റെ തോന്നല്‍. ഗൃഹപ്രവേശം ആണെങ്കില്‍ വീടിന്റെയും, കുഞ്ഞുണ്ടായത് ആണെങ്കില്‍ കുഞ്ഞിന്റെയും ഒക്കെ ഫോട്ടോ ഇടുന്നത് പോലെ വിവാഹത്തിന് അതിലെ പങ്കാളികളുടെ പടം ഇട്ടാണ് ഇതുവരെ കണ്ടിട്ടുള്ളത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ MP ഇന്നൊരു പോസ്റ്റ് ഇട്ടു. ഒരു MP യുടെ മണ്ഡലത്തില്‍ എത്രയോ വിവാഹങ്ങള്‍ നടക്കുന്നു, എത്രയോ വിവാഹങ്ങള്‍ക്ക് MP പോകുന്നു, അതൊക്കെ സാധാരണ പോസ്റ്റ് ഇട്ട് നാട്ടുകാരെ അറിയിക്കുന്ന പതിവില്ലല്ലോ. പ്രത്യേകത ഉള്ള കാര്യമാണ് ശ്രീ.രാജ്‌മോഹന്റെ പോസ്റ്റ്.

‘ഇന്ന് വിവാഹിതരായ സിനാനും ഷഫീഖ്‌നുമൊപ്പം’ എന്ന തലക്കെട്ടില്‍ MPയുടെ ഒപ്പമുള്ള പടവുമുണ്ട്. മറ്റു രണ്ടുപേരോടൊപ്പമുള്ള ഇവര്‍ രണ്ടുപേരുടെ വിവാഹമാണെങ്കില്‍ അവരുടെ ഇണകള്‍ കൂടെ കാണേണ്ടേ? ഹെഡിങ് കണ്ടപ്പോള്‍ അതല്ലെന്ന് തോന്നി. രണ്ടുപുരുഷന്മാര്‍ വിവാഹം കഴിച്ചത് ലോകത്തോട് വിളിച്ചുപറയുന്നത് പുരോഗമനപരമാണ്. അതുകൊണ്ട് ഒരു കമന്റിട്ട് MP യെ അഭിനന്ദിക്കുകയാണ് ഞാന്‍ ചെയ്തത്. അത് കഴിഞ്ഞപ്പോഴാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പോസ്റ്റ് അദ്ദേഹം അടിക്കടി ഭേദഗതി ചെയ്തത്. വിവാദമായപ്പോള്‍ ആ പോസ്റ്റ് തന്നെ അദ്ദേഹം മുക്കി എന്നറിയുന്നു. സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നവരുടെ കുറ്റമാകാം. ഏതായാലും, ലോകം കാണുന്ന വിവാഹ ഫോട്ടോയില്‍ വധു ആവശ്യമില്ലെന്നു ഈ നൂറ്റാണ്ടിലും ചിന്തിക്കുന്ന പിന്തിരിപ്പന്‍മാരായ ചെറുപ്പക്കാര്‍ എന്റെ നാട്ടില്‍ ഉണ്ടല്ലോ എന്നോര്‍ത്തു സഹതപിക്കുന്നു.’, ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button