രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് മരണം സംഭവിച്ച ശേഷം; ജയില്‍ അധികൃതരുടെ വാദം പൊളിയുന്നു
ഇടുക്കി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. രാജ്കുമാറിനെ പീരുമേട് ആശുപത്രിയില്‍ എത്തിച്ചത് മരണം നടന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞാണെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് പീരുമേട് ആശുപത്രി സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അതേസമയം കൂടുതല്‍ പോലീസുകാരുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ഒന്നാം പ്രതിയായ എസ്‌ഐ സാബുവിനെ ചോദ്യം ചെയ്തപ്പോള്‍ രാജ്കുമാറിനെ മര്‍ദ്ദിച്ച കൂടുതല്‍ പോലീസുകാരെ സംബന്ധിച്ച വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
കേസില്‍ വഴിത്തിരിവ് ഉണ്ടാക്കാമായിരുന്ന സ്റ്റേഷന്‍ റെക്കോര്‍ഡുകളില്‍ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും അറസ്റ്റ് ചെയ്തേക്കും. ഫിനാസ് തട്ടിപ്പില്‍ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മര്‍ദ്ദിച്ച പോലീസുകാരെയും അറസ്റ്റ് ചെയ്തേക്കും. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുകാരാണ് ഇവരെ മര്‍ദ്ദിച്ചത്.