ഛണ്ഡിഗഡ്∙ കൈവിട്ടു പോകുമെന്ന് കരുതിയ മത്സരം തിരിച്ചുപിടിച്ച് രാജസ്ഥന് ‘റോയൽ’ ജയം. പഞ്ചാബ് കിങ്സിനെതിരെ മൂന്നു വിക്കറ്റിനാണ് സഞ്ജുവിന്റെയും സംഘത്തിന്റെയും ജയം. സീസണിലെ അഞ്ചാം ജയത്തോടെ രാജസ്ഥാന് പത്തു പോയിന്റായി. യശ്വസി ജയ്‌സ്വാൾ (28 പന്തിൽ 39), അവസാന ഓവറുകളിൽ രക്ഷകരായ ഷിമ്രോൺ ഹെറ്റ്മയർ (10 പന്തിൽ 27*), റോവ്‌മൻ പവൽ (5 പന്തിൽ 11) എന്നിവരാണ് രാജസ്ഥാന്റെ വിജയശിൽപികൾ.
അർഷ്‌ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ പത്തു റൺസാണ് രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ രണ്ടു പന്തും ഡോട്ട് ബോൾ ആയതോടെ രാജസ്ഥാന് സമ്മർദമേറി. എന്നാൽ മൂന്നാം പന്ത് സിക്സർ പറത്തിയതോടെ വീണ്ടും ജയപ്രതീക്ഷയായി. തൊട്ടടുത്ത പന്തിൽ ഡബിളും അതിനടുത്ത പന്തിൽ സിക്സും നേടി ഹെറ്റ്മയർ അതിവേഗം രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ഓപ്പണർമാരായ യശ്വസി ജയ്‌സ്വാളും (28 പന്തിൽ 39), തനുഷ് കോട്ടിയാൻ (31 പന്തിൽ 24) എന്നിവർ ചേർന്നു നൽകിയത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും ഇരുവരും സ്കോർബോർഡ് ചലിപ്പിച്ചു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു. അരങ്ങേറ്റ മത്സരം കളിച്ച തനുഷ് കോട്ടിയാനെ ഒൻപതാം ഓവറിൽ പുറത്താക്കി ലിയാം ലിവിങ്സ്റ്റനാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
പിന്നീടെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (14 പന്തിൽ 18) പതിവു ശൈലിയിൽ അടിച്ചുകളിക്കാൻ ശ്രമിച്ചെങ്കിലും അധികനേരം പിടിച്ചുനിൽക്കാനായില്ല. ഇതിനിടെ സീസണിലെ തന്റെ ഉയർന്ന സ്കോർ കണ്ടെത്തിയ ജയ്സ്വാളും പുറത്തായി. ഇൻ–ഫോം താരം റയാൻ പരാഗ് (18 പന്തിൽ 23), ധ്രുവ് ജുറെൽ (11 പന്തിൽ 6) എന്നിവരും പെട്ടെന്ന് പുറത്തായതോടെ രാജസ്ഥാൻ തോൽവി മണത്തു.
എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച് ഹെറ്റ്മയറും, പവലും നേടിയ ബൗണ്ടറികൾ രാജസ്ഥാന് വിജയപ്രതീക്ഷ നൽകി. പവലിനു പുറത്തായതിനു പിന്നാലെ എത്തിയ കേശവ് മഹാരാജ് (2 പന്തിൽ 1) പെട്ടെന്ന് പുറത്തായെങ്കിലും ട്രെന്റ് ബോൾട്ടിനെ (0*) കൂട്ടുപിടിച്ച് ഹെറ്റ്മയർ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനെ സാധിച്ചിള്ളൂ. ക്യാപ്റ്റൻ ശിഖർ ധവാന്റെ അസാന്നിധ്യത്തിൽ സാം കറന്റെ നേതൃത്വത്തിലാണ് പഞ്ചാബ് ഇന്നിറങ്ങിയത്. നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ്, നാല് ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തി ആവേശ് ഖാൻ എന്നിവരുടെ ബോളിങ്ങാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്.
ഇംപാക്ട് പ്ലെയറായി ഇറങ്ങി അവസാന ഓവറുകളിൽ തകർത്തടിച്ച അശുതോഷ് ശർമ (16 പന്തിൽ 31), ജിതേഷ് ശർമ (24 പന്തിൽ 29), ലിയാം ലിവിങ്സ്റ്റൻ (14 പന്തിൽ 21), എന്നിവരാണ് പഞ്ചാബിനെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന തരത്തിലായിരുന്നു പഞ്ചാബിന്റെ ബാറ്റിങ്. ബോളിങ് അനുകൂല പിച്ചിൽ റൺസ് കണ്ടെത്താൻ പഞ്ചാബ് ബാറ്റർമാർ ശരിക്കും വിയർത്തു. ഓപ്പണർമാരായ അഥർവ ടെയ്‌ഡ് (12 പന്തിൽ 15), ജോണി ബെയർസ്റ്റോ (19 പന്തിൽ 15) എന്നിവർ ഒന്നാം വിക്കറ്റിൽ 27 റൺസ് കൂട്ടിച്ചേർത്തു.
നാലാം ഓവറിൽ അഥർവയെ പുറത്താക്കി ആവേശ് ഖാൻ പഞ്ചാബിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. പവർപ്ലേ അവസാനിക്കുമ്പോൾ 38ന് 1 എന്ന നിലയിലായിരുന്നു പഞ്ചാബ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറുകളിൽ ഒന്നാണ് ഇത്.
പ്രഭ്സിമ്രാൻ സിങ് (14 പന്തിൽ 10), ക്യാപ്റ്റൻ സാം കറൻ (10 പന്തിൽ 6), കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ തിളങ്ങിയ ശശാങ്ക് സിങ് (9 പന്തിൽ 9), എന്നിവർക്കാർക്കും കാര്യമായ സംഭാവന നൽകാനായില്ല. ആറാം വിക്കറ്റിൽ ഒന്നിച്ച ജിതേഷ് ശർമ– ലിയാം ലിവിങ്സ്റ്റൻ സഖ്യമാണ് പഞ്ചാബ് സ്കോർ നൂറു കടത്തിയത്. ഇരുവും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു.
ഇരുവരും പുറത്തായതിനു പിന്നാലെ അവസാന ഓവറുകളിൽ അശുതോഷ് ശർമയുടെ ബാറ്റിങ്ങാണ് പഞ്ചാബിന്റെ സ്കോർ 150നടുത്ത് എത്തിച്ചത്. അവസാന പന്തിലാണ് അശുതോഷ് പുറത്തായത്. ഹർപ്രീത് ബ്രാർ (3 പന്തിൽ 3*) പുറത്താകാതെ നിന്നു. രാജസ്ഥാനായി ട്രന്റ് ബോൾട്ട്, കുൽദീപ് സെൻ, യുസ്‌വേന്ദ്ര ചെഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.