‘ഉടനെ തീരുമാനം അറിയിക്കാം’; രാഷ്ട്രീയ പ്രവേശനത്തില്‍ ആരാധകര്‍ക്ക് മറുപടിയുമായി രജനികാന്ത്
ചെന്നൈ: സൂപ്പര്‍ താരം രജനികാന്ത് ഉടന്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളികളുമായി എത്തിയ ആരാധകര്‍ക്ക് ആശ്വസത്തിന് വക. രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച തീരുമാനം ഉടന്‍ അറിയിക്കുമെന്ന് രജനികാന്ത് പ്രതികരിച്ചിരിക്കുകയാണ്. രജനി ആരാധക സംഘടനയായ മക്കള്‍ മണ്‍റത്തിന്റെ യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
‘ഞാന്‍ സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞു. ഞാന്‍ എന്ത് തന്നെ തീരുമാനിച്ചാലും എനിക്കൊപ്പം നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. എന്റെ തീരുമാനം ഉടനെ അറിയിക്കും”-രജനിയുടെ വാക്കുകള്‍ ഇങ്ങനെ.
കൊവിഡ് കാലത്ത് പുറത്തിറങ്ങി ആളുകളുമായി ഇടപെടുന്നതിന് ഡോക്ടര്‍മാര്‍ തന്നെ രജനിക്ക് നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചതോടെയാണ് വൃക്ക രോഗിയായ താരം രാഷ്ട്രീയത്തിലേക്ക് ഉടനില്ലെന്ന് തീരുമാനിച്ചത്. ഇക്കാര്യം അദ്ദേഹം തന്നെ സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധകര്‍ പിന്മാറാന്‍ തയ്യാറല്ല. രാഷ്ട്രീയത്തിലേക്ക് രജനി ഉടന്‍ പ്രവേശനം പ്രഖ്യാപിക്കണമെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണമെന്നുമാണ് ആരാധകരുടെ ആവശ്യം.