KeralaNews

പെൻഷൻ പ്രായം ഉയർത്തൽ: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി മുഖ്യമന്ത്രി,സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന്

തിരുവനന്തപുരം : പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ച നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകി. പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണെന്നും പിണറായിവിജയൻ പാർട്ടിയെ ബോധിപ്പിച്ചു. പെൻഷൻ പ്രായവുമായി ബന്ധപ്പെട്ട്  വിവാദങ്ങൾ അവസാനിപ്പിക്കാൻ സിപിഎമ്മിനുള്ളിൽ ധാരണയായെന്നാണ് സൂചന. നാളത്തെ സംസ്ഥാന കമ്മിറ്റിക്ക് മുൻപ് വിവാദം അവസാനിപ്പിക്കുകയെന്നത് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയത്. 

പാര്‍ട്ടിയില്‍ ആലോചിക്കാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം കൂട്ടിയതിലെ കടുത്ത അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നയപരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനമെടുക്കുന്നത് അംഗീകരിക്കില്ലെന്ന ശക്തമായ സന്ദേശമാണ് എംവി ഗോവിന്ദന്‍ നല്‍കിയത്. പാർട്ടി സെക്രട്ടറിയായ ശേഷം ആദ്യമായാണ് സർക്കാറിൻറെ തീരുമാനത്തെ എംവി ഗോവിന്ദൻ പരസ്യമായി വിമർശിക്കുന്നത്.

പെൻഷൻ പ്രായം ഉയർത്തൽ സർക്കാർ തിരുത്തിയെങ്കിലും പ്രശ്നത്തിൽ കടുത്ത ആശയ ഭിന്നതയാണ് പാർട്ടിയിലും സർക്കാറിലുമിപ്പോഴുമുള്ളത്. ധനവകുപ്പ് മാത്രമല്ല മുഖ്യമന്ത്രിയും കൂടിയാണ് പാർട്ടി സെക്രട്ടറിയുടെ വിമർശനത്തിലൂടെ പ്രതിക്കൂട്ടിലായത്. 

പെൻഷൻ പ്രായവർധന പിൻവലിച്ച സർക്കാർ ഉത്തരവ് ഇറങ്ങി 

പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായവർധന പിൻവലിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പെൻഷൻ പ്രായം 60 ലേക്ക് ഉയർത്തിയത് കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമായതിന് പിന്നാലെ പിൻവലിച്ചിരുന്നു. ഇത് സംബന്ധിച്ച ഉത്തരവാണ് ഇന്ന് പുറത്തിറക്കിയത്. ഒക്ടോബർ 26 ലെ സംസ്ഥാന മന്ത്രിസഭാ യോഗമാണ് പെൻഷൻ പ്രായം ഉയർത്താൻ അനുമതി നൽകിയത്. ഒക്ടോബർ 29 ന് ഇത് സംബന്ധിച്ച് ഇറക്കിയ വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷത്തിന് ഒപ്പം ഇടത് മുന്നണിക്കുള്ളിൽ നിന്നും പ്രതിഷേധമുണ്ടായി.

തുടർന്ന് നവംബർ 2 ലെ മന്ത്രിസഭ യോഗത്തിൽ പെൻഷൻ പ്രായം ഉയർത്തിയ ഉത്തരവ് റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു. ഓരോ പൊതുമേഖല സ്ഥാപനത്തിന്റേയും നിലവിലുള്ള സ്ഥിതി വിശദമായി പരിശോധിച്ചതിന് ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായിരിക്കുമെന്ന് ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്. 128 സ്ഥാപനങ്ങളിലാണ് പെൻഷൻ പ്രായം ഉയർത്തിയത്. ഓരോ സ്ഥാപനത്തിനും വെവേറെ ഉത്തരവുകൾ ഇറങ്ങുമെന്നാണ് ധനവകുപ്പിന്റെ ഉത്തരവിൽ നിന്ന് വ്യക്തമാകുന്നത്. 

രണ്ട് ദിവസത്തെ സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്ന കാര്യം സംസ്ഥാന സമിതി ചർച്ച ചെയ്യും. ഇക്കാര്യത്തിൽ ഒരു തീരുമാനവും സംസ്ഥാന സമിതിയിൽ കൈക്കൊള്ളാൻ സാധ്യതയുണ്ട്. 

ഗവർണർക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും തീരുമാനം ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഉയർത്തിയതിലെ വിവാദം അവസാനിപ്പിക്കാൻ പാർട്ടിയിൽ ധാരണയായിട്ടുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പാർട്ടിക്ക് വിശദീകരണം നൽകി. പെൻഷൻ പ്രായം കൂട്ടുന്നത് പാർട്ടി നയം അല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ചട്ടക്കൂട് രൂപീകരിച്ചപ്പോൾ സംഭവിച്ചതാണെന്നും പാർട്ടി നയം അല്ലാത്തതിനാലാണ് പിൻവലിച്ചത് എന്നുമാണ് മുഖ്യമന്ത്രി പാർട്ടിക്ക് നൽകിയ വിശദീകരണം.  നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഇനി പാർട്ടിയോട് കൂടി ആലോചിക്കുമെന്നും ധാരണയായിട്ടുണ്ട്. മാറിയ കാലത്തിനനുസരിച്ച് തൊഴിലാളി സംഘടനകളുടെ പ്രവർത്തനം രീതി മാറ്റാൻ റേഡിയോ രേഖ പുതുക്കുന്ന കാര്യമാണ് സിപിഎം സംസ്ഥാന സമിതിയിൽ വരുന്ന മറ്റൊരു പ്രധാന വിഷയം. 

വിസിമാരുടെ അടക്കം നിയമനത്തിൽ ചട്ടലംഘനമുണ്ടായെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാൻ ഭരണ മുന്നണി ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി ഉയർത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെട്ട അദ്ദേഹം, തന്റെ നിലപാടുകളെ ചോദ്യംചെയ്ത് പ്രതികരിച്ച മന്ത്രിമാരെയും താക്കീത് ചെയ്തിരുന്നു. മന്ത്രിമാരെ പിൻവലിക്കാൻ താൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഗവർണർ മന്ത്രിസഭക്കും മുഖ്യമന്ത്രിക്കും നൽകുന്നത്.

കെടിയു വിസിയെ സുപ്രീം കോടതിയിടപെട്ട് പുറത്താക്കിയതാണ് ഏറെ നാളായി ‘മുഖം കനപ്പിച്ചിരിക്കുകയായിരുന്ന’ ഗവർണർക്ക് ഗുണകരമായി ഭവിച്ചത്. ഇതോടെ ഈ വിധി ചൂണ്ടിക്കാട്ടി മറ്റ് വിസിമാരുടെയും നിമയനങ്ങൾ ചട്ടലംഘനമാണെന്നാണ് ഗവർണർ കോടതിയിൽ അടക്കം ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്. സർക്കാരിനെതിരായ നീക്കങ്ങളുടെ ഭാഗമായി, കെടിയുവിൽ പുതിയ വിസിയെ നോമിനേറ്റ് ചെയ്ത സർക്കാരിനെ തള്ളി കഴിഞ്ഞ ദിവസം ഗവർണർ ഡോ. സിസ തോമസിന് നിയമനം നൽകി. സര്‍ക്കാര്‍ നോമിനികളെ വെട്ടി ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി ഇടത് സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ചുമതലയേറ്റത്.

 എന്നാൽ ആദ്യഘട്ടത്തിലുടനീളം സംയമനം പാലിച്ച സർക്കാരും ഇടത് മുന്നണിയും, ഗവർണർ കൂടുതൽ കടുപ്പിച്ചതോടെയാണ് പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തയ്യാറായത്. ഗവർണർ സംഘപരിവാർ രാഷ്ട്രീയവും തന്ത്രങ്ങളും കേരളത്തിലെ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ ഏത് വിധേനെയും തടയുമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇടത് മുന്നണിയും ‘ഗവർണർ വിഷയത്തിൽ’ ഒറ്റക്കെട്ടാണ്. സർക്കാരിനെയും സർവകലാശാലകളുടെയും പ്രവർത്തനങ്ങളെ വെട്ടിലാക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കി കടിഞ്ഞാണിടാനാണ് സിപിഎം നീക്കം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker