കേരളത്തില്‍ അഞ്ചു ദിവസം കൂടി മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും കേരള തീരത്തുള്ള ന്യൂനമര്‍ദ പാത്തിയുമാണ് സംസ്ഥാനത്ത് അതിതീവ്ര മഴക്ക് കാരണം.
ഇന്നും നാളെയും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ അതി തീവ്രമഴയുണ്ടാകും. നാളെ രാത്രിയോടെ മഴ കുറയുമെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദം പതിനഞ്ചാം തീയതിയോടെ മഴയുടെ ശക്തി കൂട്ടും. ഇന്ന് ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന ഡാമുകളിലെല്ലാം ജലനിരപ്പ് 30 ശതമാനത്തില്‍ താഴെയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഉള്ളത്. പാലക്കാട് ആലത്തൂര്‍, വയനാട് മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്.