FeaturedHome-bannerKeralaNews

മഴക്കെടുതി:നാളെ അവധി ഇവിടങ്ങളില്‍

ഇടുക്കി/പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ ഭാഗമായി രണ്ട് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍  ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 10) ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചു. എന്നാല്‍, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.

അതേസമയം, കേരളത്തിൽ ഇന്ന് (ആഗസ്റ്റ്  9) മുതൽ ആഗസ്റ്റ്‌ 11 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണം എന്നും നിര്‍ദ്ദേശമുണ്ട്. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. ആയതിനാൽ യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ലെന്നാണ് മുന്നറിയിപ്പ്.

അടുത്ത ദിവസങ്ങളിലെ അലർട്ട്  ഇങ്ങനെ

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

09-08-2022: ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്
10-08-2022: ഇടുക്കി, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസര്‍കോട്
11-08-2022: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ,  കാസര്‍കോട്
എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാൽ കേരളത്തിൽ കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുറന്ന പല ഡാമുകളും ഇപ്പോഴും അടയ്ക്കാൻ സാധിച്ചിട്ടില്ല. തുറന്ന ഡാമുകളിൽ ജലം ഒഴുക്കിവിടുന്ന അളവ് കൂട്ടേണ്ടി വരികയും ചെയ്തു. ഡാമുകളിൽ വലിയ തോതിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ടെങ്കിലും മഴ മാറി നിൽക്കുന്നതിനാൽ ജനജീവിതത്തെ ഇതു കാര്യമായി ബാധിച്ചിട്ടില്ല. എന്നാൽ പാലക്കാട്, തൃശൂർ, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പുഴയോരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്. 

സംസ്ഥാനത്ത് ആകെ ഇപ്പോൾ 32 അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. ഇതിൽ 16 എണ്ണം KSEB-യുടെ കീഴിൽ ഉള്ളവയാണ്. പാലക്കാട് ചുള്ളിയാർ ഡാമിൻ്റെ ഒരു സ്പിൽ വെ ഷട്ടർ ഇന്ന് തുറന്നു. നാളെ രാവിലെ എട്ടിന് വാളയാർ ഡാം തുറക്കും.  മലമ്പുഴ ഡാമിൻ്റെ ഷട്ടറുകളും കൂടുതൽ ഉയർത്തിയിട്ടുണ്ട്. 

ഇടുക്കി അണക്കെട്ടിൽ നിന്നും തുറന്നുവിടുന്ന വെള്ളത്തിൻ്റെ അളവ് വീണ്ടും കൂട്ടി. ഇന്ന് രണ്ടു തവണ ആയി സെക്കൻഡിൽ അമ്പതിനായിരം ലിറ്റർ ജലം കൂടി അധികമായി തുറന്നുവിട്ടു. തടിയമ്പാട് ചപ്പാത്ത് പാലം അപകടാവസ്ഥയിലായതിനെ  തുടർന്ന് എൻഡിആർഎഫ് സംഘത്തെ തടിയമ്പാടിലേക്ക് നിയോഗിച്ചു. മുല്ലപ്പെരിയാര്‍ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ തുറന്ന സാഹചര്യത്തിൽ മഞ്ചുമല വില്ലേജ്
ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. 

നാലു ദിവസം വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ മുല്ലപ്പെരിയറിൽ നിന്നും ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി.  ഇതോടെ പെരിയാർ  തീരത്തുള്ളവർ വീണ്ടും  ദുരിതത്തിലായി. കടശ്ശിക്കാട് ആറ്റോരത്തെ  ബന്ധു വീടുകളിലേക്ക് മാറി. പുരുഷന്മാർ  താൽകാലിക ഷെഡിലാണ്  രാത്രി കഴിച്ചു കൂട്ടിയത്. 

വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ബാണാസുര സാഗർ ഡാമിലെ ഒരു ഷട്ടർ കൂടി ഇന്ന് തുറക്കും. നിലവിൽ രണ്ട് ഷട്ടറുകൾ 10 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻ്റിൽ 17 ഘനമീറ്റർ വെള്ളമാണ് തുറന്നു വിടുന്നത്. 2540 അടിയാണ് നിലവിലെ ജല നിരപ്പ്. ഡാം തുറന്നതോടെ കബനി നദിയിൽ ജല നിരപ്പ് ഉയർന്നു. എന്നാൽ വെള്ളപൊക്ക ഭീഷണിയില്ല. പനമരം പഞ്ചായത്തിലെ കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മുൻ കരുതലിൻ്റെ ഭാഗമായി കർണാടകയിലെ ബീച്ചനഹള്ളി ഡാമിൽ നിന്ന് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി.

ഇടമലയാർ അണക്കെട്ടുകൂടി തുറന്നതോടെ പെരിയാർ തീരത്ത് അതീവ ജാഗ്രത. ഏലൂരിലെ താഴ്ന്ന മേഖലകളിൽ താമസിക്കുന്നവരോട് ക്യാമ്പുകളിലേക്ക് മാറാൻ പോലീസ് ആവശ്യപ്പെട്ടു. ഇടമലയാറിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിൻ്റെ അളവ് ഇനിയും കൂട്ടും. ഡാമിൻ്റെ രണ്ടു ഷട്ടറുകളാണ് ഇന്ന് രാവിലെ ഉയർത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker