KeralaNews

ഒരാൾ കൂടി മരിച്ചു, സംസ്ഥാനത്ത് നാശം വിതച്ച് കാലവർഷം, പരക്കെ മഴ

കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലാണ് ഒഴുക്കില്‍പ്പെട്ട് ഒരാള്‍ മരിച്ചത്. കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് ഹെക്ടര്‍  സ്ഥലത്തെ കൃഷി നശിച്ചു. വെള്ളയില്‍ ഹാര്‍ബറില്‍ വീശിയടിച്ച ശക്തമായ കാറ്റില്‍ ആറ് വള്ളങ്ങള്‍ തകര്‍ന്നു.

വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് കനത്ത മഴയും കാറ്റും കൂടുതല്‍ നാശം വിതച്ചത്. കോഴിക്കോട് കൂടരഞ്ഞിയില്‍ ഒഴുക്കില്‍പ്പെട്ട് തിരുവമ്പാടി മരിയപുരം സ്വദേശി ജോസഫ് മരിച്ചു. ചപ്പാത്തിലൂടെ സ്കൂട്ടറില്‍ പോകുമ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വെളളയില്‍, ചാമുണ്ടി വളപ്പ് തീരങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമാണ്. വെള്ളയില്‍ ഹാര്‍ബറില്‍ വീശിയടിച്ച കാറ്റില്‍ ആറ് വള്ളങ്ങള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. മലയോര മേഖലയായ കക്കയം, താമരശ്ശേരി, പുതുപ്പാടി പ്രദേശങ്ങളിലാണ് ശക്തമായ മഴ തുടരുകയാണ്. പലയിടത്തും വെള്ളം കയറി. കക്കയം ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ 45 സെന്‍റീമീറ്റര്‍ ഉയര്‍ത്തി.

കനത്ത മഴയും മണ്ണിടിച്ചിലും മൂലം അട്ടപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ മരങ്ങൾ കടപുഴകി, നിരവധി വീടുകള്‍ക്ക് തകരാറുണ്ട്. ആനക്കട്ടി -മണ്ണാർക്കാട് റോഡിൽ കൽക്കണ്ടിയിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി നരസിമുക്ക് പരപ്പൻതറയിൽ റോഡരികിൽ
നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ തെങ്ങ് വീണ് ഓട്ടോറിക്ഷ തകർന്നു. പരപ്പൻതറ സ്വദേശി പഴനിസ്വാമിയുടെ ഓട്ടോറിക്ഷയാണ് തകർന്നത്. താവളത്ത് നിന്ന് പരപ്പൻതറയിലേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ
ഷട്ടറുകൾ 60 സെന്റീമീറ്ററായി ഉയർത്തി. കാഞ്ഞിരപ്പുഴയുടെയും കുന്തിപ്പുഴയുടെയും തൂതപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

തൃശ്ശൂർ പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിൽ ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായി. അതിരപ്പിള്ളി തുമ്പൂർമുഴിയിൽ കൂറ്റൻ മുളങ്കൂട്ടം റോഡിലേയ്ക്ക് മറിഞ്ഞു വീണു. നിരവധി റബ്ബർ, തെങ്ങ്, ജാതി മരങ്ങളും നശിച്ചു. തുമ്പൂർമുഴി-അതിരപ്പിള്ളി റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.

മലയാറ്റൂരിൽ  ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും  നാശ നഷ്ടമുണ്ടായി. മരങ്ങൾ കടപുഴകി വീടുകളിലേക്ക് വീണു. പല  സ്ഥലങ്ങളിലും  വൈദ്യുതി ബന്ധം താറുമാറായി കനത്ത മഴയെ തുടര്‍ന്ന് വയനാട് പടിഞ്ഞാറത്തറ മുള്ളൻകണ്ടി പാലത്തിന് സമീപമുള്ള റോഡ് ഇടിഞ്ഞുതാഴ്ന്നു. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker