തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.
പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകൾ ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം, കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ചയോടെ മഴ വീണ്ടും സജീവമാകും. മൂന്ന്-നാല് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുലാവർഷം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് കിഴക്കൻ കാറ്റ് ശക്തമാകുന്നത്. ഡിസംബർ വരെ ലഭിക്കേണ്ട തുലാവർഷ മഴയുടെ 84 ശതമാനവും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതായാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ കണക്ക്.
പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി. കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്ന് തന്നെയാണ്.അതേസമയം മല്ലപ്പള്ളി മേഖലയിൽ വെള്ളമിറങ്ങി തുടങ്ങി. കക്കി അണക്കെട്ട് തുറക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ ആറന്മുള ചെങ്ങന്നൂർ കോഴഞ്ചേരി പ്രദേശത്തും കനത്ത ജാഗ്രതയാണ്.പാണ്ടനാട് ഉൾപ്പടെയുള്ള മേഖലയിൽ നിലവിൽ വെള്ളക്കെട്ട് തുടരുകയാണ്.
കോഴിക്കോട് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. മലയോര മേഖലയിൽ അടക്കം ജാഗ്രത തുടരുകയാണ്. കക്കയം അണക്കെട്ടിലേക്കുളള വഴിയിൽ ഫോറസ്റ്റ് ചെക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാൽ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചു. മഴക്കെടുതിയിൽ വടകര, കൊയിലാണ്ടി താലൂക്കുകളിലായി ഒമ്പത് വീടുകളാണ് ഭാഗീകമായി നശിച്ചത്.
പാലക്കാട് മഴയുണ്ടെങ്കിലും ശക്തമല്ല. ഭാരതപ്പുഴയിൽ ജലനിരപ്പ് കൂടി. ജില്ലയിലെ എട്ടിൽ ആറ് ഡാമുകളും തുറന്നിട്ടുണ്ട്. മഴക്കെടുതി അവലോകനത്തിന് ഇന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. കൊല്ലം തെന്മല ഡാമിൽ നിന്ന് രാവിലെ 7 മണി മുതൽ വെള്ളം ഒഴുക്കി വിടുന്ന സാഹചര്യത്തിൽ കല്ലട ആറിന്റെ തീരപ്രദേശത്തുള്ള സ്കൂളുകളിലെ അഡ്മിഷൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ കൊല്ലം ജില്ലാ കലക്ടർ ഉത്തരവിട്ടു.
പാലക്കാട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികൾ ചര്‍ച്ച ചെയ്യാൻ ഇന്ന് രാവിലെ 10.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിലെ 8 ഡാമുകളിൽ 6 എണ്ണവും തുറന്ന സാഹചര്യത്തിൽ ഭാരതപ്പുഴ അടക്കമുള്ള പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളാണ് യോഗത്തിലെ പ്രധാന ചര്‍ച്ചവിഷയം. ജില്ലയുടെ മലയോര മേഖലകളായ സൈലന്റ് വാലി, നെല്ലിയാമ്പതി, മലമ്പുഴയുടെ വൃഷ്ടി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ക്യാന്പുകൾ തുറക്കണമോ എന്ന കാര്യത്തിൽ യോഗം തീരുമാനം എടുക്കും.
നിലവിൽ മണ്ണാര്‍ക്കാട് മേഖലയിൽ ഒരു ക്യാമ്പ് മാത്രമാണ് തുറന്നിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ക്യാന്പുകൾ തുറക്കുമെന്നു ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. ജില്ലയിലെ ഒന്നാം കൃഷി വിളവെടുപ്പിലുണ്ടായ നാശനഷ്ടത്തിന്‍റെ കണക്കെടുപ്പ് വേഗത്തിലിക്കാനും യോഗത്തിൽ തീരുമാനമുണ്ടാക്കും. നെല്ലിയാന്പതി മേഖലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ 13 സെമീ തുറന്നിട്ടുണ്ട്. മലന്പുഴ അണക്കെട്ട് 21 സെമീ തുറന്ന് ഡാമിന്‍റെ ജല നിരപ്പ് ക്രമീകരിക്കുന്നുണ്ട്.