തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊള്ളുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തിയാര്‍ജ്ജിക്കും. ആന്‍ഡമാന്‍ തീരത്ത് രൂപപ്പെടുന്ന ഈ ന്യൂനമര്‍ദം ബുധനാഴ്ചയോടെ ശക്തിയാര്‍ജിച്ച് ശ്രീലങ്കയ്ക്കും തമിഴ്നാടിനും ഇടയിലാവും കനത്ത മഴ എത്തിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.
നിലവില്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വടക്കോട്ടു നീങ്ങി ശനിയാഴ്ച തീവ്ര ന്യൂനമര്‍ദമായി മാറും. ഇതോടെ കേരളത്തില്‍ രണ്ടു ദിവസത്തേക്കു മഴ കുറയാനാണു സാധ്യത. എന്നാലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. അടുത്തയാഴ്ചയോടെ കേരളത്തിലും തമിഴ്നാട്ടിലും സാമാന്യം ശക്തമായ മഴ തിരികെയെത്തും. മിന്നലിന്റെയും അല്‍പ്പം കാറ്റിന്റെയും അകമ്പടിയോടെ കേരളത്തിലെ ചില ജില്ലകളില്‍ പരക്കെയും വടക്കന്‍ ജില്ലകളില്‍ ഭാഗികമായുമായിരിക്കും മഴ പെയ്യുക.
ആകാശം തെളിയാന്‍ ഇടയുള്ളതിനാല്‍ താപനിലയിലും മാറ്റമുണ്ടാകും. കൊച്ചി വിമാനത്താവളത്തില്‍ 35 ഡിഗ്രി പകല്‍താപനിലയും പുനലൂരില്‍ പുലര്‍ച്ചെ 20 ഡിഗ്രി തണുപ്പും വെളളിയാഴ്ച അനുഭവപ്പെട്ടു. വരാന്‍ പോകുന്ന ശൈത്യകാലത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. അതേസമയം ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ 20 വരെ സംസ്ഥാനത്ത് ലഭിക്കേണ്ട തുലാമഴയില്‍ വന്‍കുറവാണ്് അനുഭവപ്പെട്ടത്. 42 സെമീ ശരാശരി മഴയുടെ സ്ഥാനത്ത് ലഭിച്ചത് 30 സെമീ മാത്രം. കാസര്‍കോട് മാത്രമാണ് കൂടുതല്‍ മഴ ലഭിച്ചത്. 14 ശതമാനം അധികം.