തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 2,3 തിയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴ പെയ്തേക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് ശക്തിപ്രാപിച്ച് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി മാറിയേക്കാനാണ് സാധ്യത. ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമാണ് ചക്രവാതച്ചുഴി രൂപപ്പെടുക.
തുടര്‍ന്ന് കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഴ പെയ്തേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍ ചൂടില്‍ സംസ്ഥാനം വെന്തുരുകുമ്പോള്‍ അപ്രതീക്ഷിതമായെത്തുന്ന മഴ താത്കാലിക ആശ്വാസം നല്‍കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഡല്‍ഹി നഗരത്തില്‍ ഇന്നലെ കനത്ത മഴ രേഖപ്പെടുത്തി. പലയിടത്തും മഴയോടൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായിരിന്നു. ഇന്നലെ രാത്രിയാണ് നഗരത്തിന്റെ പലഭാഗത്തും കനത്ത മഴയോടൊപ്പം വലിയ രീതിയില്‍ ആലിപ്പഴവും പൊഴിഞ്ഞത്.
കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസത്തെ ഡല്‍ഹിയിലെ കൂടിയ താപനില 27.39 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 12.35 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്.
ഡല്‍ഹിയില്‍ ഇന്നും വിവിധ ഇടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ഭാഗികമായി മേഘാവൃതമായ ആകാശത്തിനും നേരിയ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.