തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളില്‍ വീണ്ടും മാറ്റം. സംസ്ഥാനത്തെ ഒരു ജില്ലകളിലും ഇന്ന് തീവ്രമായ മഴയ്ക്ക് സാധ്യതയില്ല. കേന്ദ്ര കാലാവസ്ഥ മന്ത്രാലയത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലേര്‍ട്ടുകള്‍ മാറ്റി. നേരത്തെ കാസര്‍ഗോഡ്, ആലപ്പുഴ, കൊല്ലം ഒഴികെ 11 ജില്ലകളില്‍ ആയിരുന്നു മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. അതേസമയം കേരളത്തില്‍ തുലാവര്‍ഷം ചൊവ്വാഴ്ചയോടെ തുടങ്ങുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ഇന്ന് മുതല്‍ അതിശക്തമായ മഴ ഉണ്ടാകുമെന്നും രണ്ട് ദിവസം മഴ തുടരുമെന്നുമായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. കിഴക്കന്‍ കാറ്റിന്റെ സാന്നിധ്യമായിരുന്നു മഴയ്ക്ക് സാധ്യതയാക്കി കണക്കാക്കിയത്. എന്നാല്‍ 9 ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചതോടെ സംസ്ഥാനത്ത് ആശങ്ക കൂടിയാണ് ഒഴിയുന്നത്.ന്യൂനമര്‍ദം ദുര്‍ബലമാകുന്ന പശ്ചാത്തലത്തിലാണ് മാറ്റം. പകരം നാളെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍വകലാശാലകളില്‍ ഇന്ന് മുതല്‍ നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു. കേരള,കൊച്ചി, കാലിക്കറ്റ് സര്‍വകലാശാലകള്‍ ഇന്ന് മുതല്‍ 23 വരെയുളള പരീക്ഷകളും, കണ്ണൂര്‍ സര്‍വകലാശാല ഇന്ന് മുതല്‍ 22 വരെയുളള പരീക്ഷകളും മാറ്റി.