തിരുവനന്തപുരം:മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2019 ഒക്ടോബര്‍ 24 ന് പകല്‍ 15.4°N അക്ഷാംശത്തിലും 70.4°E രേഖാംശത്തിലുമായി മഹാരാഷ്ട്രയിലെ രത്നഗിരി തീരത്തില്‍ നിന്ന് 360 കിമീ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബൈയില്‍ നിന്ന് 490 കിമീ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1750 കിമീ ദൂരത്തിലുമായിരുന്നു തീവ്ര ന്യൂനമര്‍ദത്തിന്റെ സ്ഥാനം.
അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് നിഗമനം. ഒക്ടോബര്‍ 25 വൈകുന്നേരം വരെ കിഴക്ക്, വടക്കു കിഴക്ക് ദിശയിലായി സഞ്ചരിക്കുമെന്നും ശേഷം ദിശ മാറി പടിഞ്ഞാറ് ദിശയില്‍ തെക്ക് ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി ക്രമേണ കൂടുതല്‍ ശക്തി പ്രാപിച്ച് കൊണ്ട് അടുത്ത 72 മണിക്കൂറില്‍ സഞ്ചരിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
കേരളം തീവ്ര ന്യൂനമര്‍ദത്തിന്റെ സഞ്ചാര പഥത്തിലില്ല. പക്ഷെ ന്യൂന മര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് (2019 ഒക്ടോബര്‍ 24) വൈകുന്നേരവും രാത്രിയും ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കാണ് സാധ്യത. തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ല എന്ന് അധികൃതര്‍ അറിയിച്ചു