NationalNews

റെയിൽവേ നശിപ്പിക്കപ്പെട്ടു, അന്വേഷണം ആവശ്യപ്പെട്ട് ലാലു യാദവ്

ന്യൂഡല്‍ഹി:ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിന് കാരണമായത് അശ്രദ്ധയാണെന്ന ആരോപണവുമായി രാഷ്ട്രീയ ജനതാദൾ നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവ്. റെയിൽവേ നശിപ്പിക്കപ്പെട്ടുവെന്നും ലാലു യാദവ് പറഞ്ഞു. “അവർ അശ്രദ്ധ കാണിക്കുകയും ജാഗ്രത കാട്ടാതിരിക്കുകയും ചെയ്‌ത രീതിയാണ് ഇത്രയധികം ആളപായത്തിലേക്ക് നയിച്ചത്… ഉന്നതതല അന്വേഷണം നടത്തുകയും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുകയും വേണം” ലാലു യാദവ് പറഞ്ഞു.

ഒന്നാം യുപിഎ സർക്കാരിന്റെ കീഴിൽ 2004 മുതൽ 2009 വരെ റെയിൽവേ വകുപ്പ് ലാലു യാദവ് വഹിച്ചിരുന്നു. “വലിയ അശ്രദ്ധയുണ്ടായി. റെയിൽവേ നശിപ്പിക്കപ്പെട്ടു” ആർജെഡി മേധാവി പറഞ്ഞു. ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ടൽ എക്‌സ്പ്രസ് എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്.

“കോറമാണ്ടൽ എക്‌സ്‌പ്രസ് ട്രെയിൻ അതിവേഗ ട്രെയിനാണ്. ചെന്നൈയിലേക്കാണ് പോകുന്നത്. ഞാനും അതിൽ യാത്ര ചെയ്‌തിട്ടുണ്ട്. അശ്രദ്ധയാണ് ഇത്രയും വലിയ നാശനഷ്‌ടങ്ങൾക്ക് കാരണമായത്.” ലാലു യാദവ് പറഞ്ഞു.

ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രിപ്പിൾ ട്രെയിൻ അപകടമാണ് നൂറ്റാണ്ടിലെ ഏറ്റവും വലിയ അപകടമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു, സത്യത്തിന്റെ ചുരുളഴിക്കാൻ ശരിയായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. രണ്ട് തവണ റെയിൽവേ മന്ത്രിയായിരുന്ന മമത ബാനർജി, ഈ റൂട്ടിൽ ആൻറി കൊളിഷൻ സംവിധാനം പ്രവർത്തിച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നെന്ന് പറഞ്ഞു.

“ഇതിന് പിന്നിൽ എന്തെങ്കിലും ഉണ്ടായിരിക്കണം, ശരിയായ അന്വേഷണം ആവശ്യമാണ്. സത്യം പുറത്തുവരണം. കൂട്ടിയിടി വിരുദ്ധ സംവിധാനം ഉണ്ടായിരുന്നെങ്കിൽ, അപകടം സംഭവിക്കില്ലായിരുന്നു. യാത്രക്കാരുടെ സുരക്ഷയെക്കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല” ബാനർജി പറഞ്ഞു. താൻ റെയിൽവേ മന്ത്രിയായിരിക്കെയാണ് ആന്റി കൊളീഷൻ സംവിധാനം ഏർപ്പെടുത്തിയതെന്നും അത് അപകടങ്ങളുടെ എണ്ണം കുറച്ചുവെന്നും അവർ പറഞ്ഞു.

ലഭ്യമായ രേഖകൾ പ്രകാരം ഇന്ത്യയിലെ നാലാമത്തെ വലിയ തീവണ്ടി അപകടം, കൊൽക്കത്തയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ തെക്കും ഭുവനേശ്വറിന് 170 കിലോമീറ്റർ വടക്കും ഉള്ള ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്‌റ്റേഷന് സമീപം വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിയോടെയാണ് ഉണ്ടായത്. ശനിയാഴ്‌ച വൈകുന്നേരത്തോടെ മരണസംഖ്യ 288 ആയി ഉയർന്നു, അപകടത്തിൽ 900 പേർക്കാണ് പരിക്കേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker