KeralaNews

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും റെയ്ഡ്; മലയാളി മാധ്യമപ്രവര്‍ത്തക അനുഷ പോളിന്റെ വീട്ടില്‍ പരിശോധന

പത്തനംതിട്ട:ന്യൂസ് ക്ലിക്ക് ജീവനക്കാരിയും മലയാളിയുമായ അനുഷ പോളിന്റെ പത്തനംതിട്ടയിലെ വീട്ടില്‍ ഡല്‍ഹി പോലീസിന്റെ റെയ്ഡ്. ഡല്‍ഹി മലയാളിയായ അനുഷയുടെ കൊടുമണ്‍ ഐക്കാടുള്ള അമ്മവീട്ടിലാണ് റെയ്ഡ് നടന്നത്. ഇന്നു വൈകിട്ട് നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്പും മൈബൈല്‍ ഫോണും പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ അനുമതിയോടെയാണ് മൂന്ന് അംഗ ഡല്‍ഹി പോലീസ് സംഘം എത്തിയത്. റെയ്ഡിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയില്‍ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്കിലൈ ജീവനക്കാരിയായ അനുഷ രണ്ടാഴ്ച മുന്‍പ് അനുഷ നാട്ടില്‍ എത്തിയിരുന്നു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരേ പ്രവര്‍ത്തിച്ചുവെന്നു തുടങ്ങി കോവിഡ് 19 കാലത്ത് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനും കര്‍ഷക സമരത്തെ അനൂകൂലിച്ചതിനുമൊക്കെ കുറ്റംചാര്‍ത്തി യുഎപിഎ ചുമത്തി ന്യൂസ് ക്ലിക്ക് പത്രാധിപര്‍ പ്രബീര്‍ പുരകായസ്തയെയും സ്ഥാപനത്തിന്റെ എച്ച് ആര്‍ മേധാവിയെയും കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവര്‍ക്കുമെതിരായ എഫ്‌ഐആറില്‍ ഗുരുതരമായ കുറ്റങ്ങളാണ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷക്കും ഭീഷണിയുയര്‍ത്താന്‍ ശ്രമിച്ചതിന് പുറമെ അനധികൃതമായി ഇന്ത്യയിലേക്ക് വിദേശ ഫണ്ട് എത്തിച്ചതായും എഫ്‌ഐആര്‍ ആരോപിക്കുന്നു. ചൈന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുമായി ബന്ധമുള്ളവരില്‍നിന്ന് പണം അനധികൃത മാര്‍ഗത്തില്‍ ഇന്ത്യയിലെത്തിച്ചുവെന്നുമുള്ള ആരോപണവും ഉന്നയിക്കുന്നു.

കശ്മീരും അരുണാചല്‍പ്രദേശും തര്‍ക്കപ്രദേശങ്ങളാണെന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢാലോചന, കോവിഡ്-19 മഹാമാരി നിയന്ത്രിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു. ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച 2019 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തി എന്നീ കുറ്റങ്ങളും ആരോപിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കാനും ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനുമാണ് കര്‍ഷക സമരത്തെ സഹായിക്കുന്നതിലൂടെ ഇവര്‍ ലക്ഷ്യമിട്ടതെന്നും കുറ്റപത്രം ആരോപിക്കുന്നു. കോവിഡ് 19 തടയാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളെ വിജയ് പ്രഷാദ്, ഉള്‍പ്പെടെയുള്ളവര്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നും കുറ്റപത്രം ആരോപിക്കുന്നു. ഇന്ത്യയിലെ മരുന്നുല്‍പാദന മേഖലയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചുവെന്നതാണ് മറ്റൊരു ആരോപണം.

അമേരിക്കന്‍ കോടീശ്വരനായ നെവില്ലെ റോയ് സിംഗം എന്നയാളാണ് ഈ അനധികൃത നിക്ഷേപണങ്ങള്‍ നടത്തിയിട്ടുള്ളത്. ഇയാള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ മീഡിയ സംവിധാനവുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. ചൈനയില്‍ നിന്നുള്ള ഈ നിക്ഷേപണങ്ങള്‍ മറ്റൊരു തരത്തിലുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ പ്രബീര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചുവെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. പണം നല്‍കിയുള്ള ഈ വാര്‍ത്തകള്‍ മനപ്പൂര്‍വ്വം ഇന്ത്യയുടെ ആഭ്യന്തര നയങ്ങളെയും വികസന പദ്ധതികളെയും വിമര്‍ശിക്കുന്നതായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker