NationalNews

സങ്കൽപത്തിലെ പങ്കാളിയെപ്പറ്റി മനസ്സു തുറന്ന് രാഹുൽ ഗാന്ധി – വിഡിയോ

ന്യൂഡൽഹി: മാധ്യമങ്ങൾക്കും കോൺ​ഗ്രസ് പ്രവർത്തകർക്കും ഏറെക്കാലമായി ചർച്ച ചെയ്തിരുന്ന കാര്യമായിരുന്നു രാഹുൽ ​ഗാന്ധിയുടെ വിവാഹം. വിവാഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നു ഇതുവരെ കോൺ​ഗ്രസ് നേതാവ് ചെയ്തിരുന്നത്. എന്നാൽ ഭാരത് ജോഡോ യാത്രക്കിടെ യൂട്യൂബറുടെ ചോദ്യത്തിന് വിവാഹ സാധ്യത തള്ളാതെ രാഹുൽ മറുപടി നൽകി. രാജ്യം ഉരുക്കു വനിതയെന്ന് വിശേഷിപ്പിക്കുന്ന വാത്സല്യനിധിയായ മുത്തശ്ശിയുടെ ഗുണഗണങ്ങളുള്ള സ്ത്രീയെയാണോ രാഹുൽ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് യൂട്യൂബർ ചോദിച്ചപ്പോഴാണ് രാഹുൽ മനസ്സ് തുറന്നത്. നടക്കുന്നതിനിടെ അൽപം ചിന്തിച്ചെങ്കിലും മറുപടി വൈകിയില്ല. അമ്മൂമ്മയുടെ സ്വഭാവ​ഗുണങ്ങൾക്കൊപ്പം അമ്മയുടെ ഗുണഗണങ്ങൾ കൂടിയുള്ള സ്ത്രീയായാൽ വളരെ നന്നായിരിക്കുമെന്ന് രാഹുൽ മറുപടി നൽകി.

‘ബോംബെ ജേണി’ എന്ന യൂട്യൂബ് ചാനൽ അവതാരകനുമൊത്തുള്ള വിഡിയോയിലാണ് രാഹുൽ ആ​ഗ്രഹം തുറന്നുപറഞ്ഞത്. അഭിമുഖം രാഹുൽ സ്വന്തം യുട്യൂബ് ചാനലിലും പങ്കുവെച്ചു. ആദ്യമായിട്ടാണ് രാഹുൽ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുന്നത്. ജീവിതത്തിലെ സ്നേഹസ്വരൂപമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും രണ്ടാമത്തെ അമ്മയാണെന്നും രാഹുൽ പറഞ്ഞു. സൈക്കി‍ൾ ചവിട്ടിയുള്ള യാത്രയാണ് കാറിലും ബൈക്കിലും സഞ്ചരിക്കുന്നിനെക്കാൾ ഇഷ്ടം. പപ്പു എന്നൊക്കെ വിളിച്ചു പരിഹസിക്കുന്നതിൽ പരിഭവമില്ല. മിണ്ടാപ്പാവ എന്നായിരുന്നു ഇന്ദിരാ​ഗാന്ധിയെ പരിഹസിച്ചിരുന്നത്. എന്നാൽ, അവർ എക്കാലവും ഉരുക്കു വനിതയായിരുന്നു. 

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ദില്ലിയിലെ എ ഐ സി സി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാപക ദിനത്തിന്‍റെ 138-ാം വാർഷികാഘോഷ പരിപാടിക്കിടെയാണ് അമ്മ – മകൻ സ്നേഹത്തിന്‍റെ മനോഹര നിമിഷം ക്യാമറയിൽ പതിഞ്ഞത്. അമ്മയുടെ തൊട്ടടുത്തിരിക്കുന്ന മകൻ സ്നേഹത്തോടെ താടിയിലും കവിളിലും പിടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അമ്മ സ്നേഹത്തോടെ കൈ തട്ടിമാറ്റുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അത് ഏറ്റുവാങ്ങുന്ന മകന്‍റെ ദൃശ്യം അത്രമേൽ മനോഹരമാണെന്നാണ് ഏവരും കമന്‍റ് ചെയ്യുന്നത്. ഹൃദയം കവർന്ന നിമിഷമെന്ന കമന്‍റുകളുമായും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker