കല്പറ്റ: വന്യജീവി ആക്രമണത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെ രാഹുല്‍ഗാന്ധി എം.പി. വയനാട്ടിലെത്തി. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് വരികയാണ് അദ്ദേഹം. രാവിലെ ഏഴരയോടെ, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്പള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തി. അജിയുടെ മക്കളായ അലന്‍, അല്‍ന, ഭാര്യ ഷീബ, അമ്മ എല്‍സി, അച്ഛന്‍ ജോസഫ് എന്നിവരുമായി രാഹുല്‍ സംസാരിച്ചു
തുടര്‍ന്ന് അദ്ദേഹം പാക്കത്തേക്ക് തിരിച്ചു. എട്ടര മുതല്‍ ഒമ്പതുവരെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനസംരക്ഷണസമിതി ജീവനക്കാരന്‍ പോളിന്റെ വീട്ടില്‍ ചെലവഴിക്കും.
ഒമ്പതിന് മൂടക്കൊല്ലിക്ക് തിരിക്കും. 9.55-ന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലെത്തും. തുടര്‍ന്ന് കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലേക്ക് തിരിക്കും. 10.50 മുതല്‍ 11.20 വരെ കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടക്കുന്ന അസസ്മെന്റ് റിവ്യു മീറ്റിങ്ങില്‍ പങ്കെടുക്കും. 11.50-ന് ഹെലികോപ്റ്റര്‍മാര്‍ഗം കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും. കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നാണ് ഹെലികോപ്റ്റര്‍ കയറുക. 12.30-നാണ് അലഹാബാദിലേക്കുള്ള പ്രത്യേക വിമാനം.
വന്യമൃഗശല്യത്തില്‍ പൊറുതിമുട്ടിയ ജനം നിലനില്‍പ്പിനായി തെരുവിലിറങ്ങിയപ്പോള്‍ വയനാട് നാളിതുവരെ കാണാത്ത സമരമുഖങ്ങള്‍ക്കാണ് ശനിയാഴ്ച പുല്പള്ളി സാക്ഷ്യംവഹിച്ചിരുന്നത്. ആളിക്കത്തിയ ജനരോഷത്തിനുമുന്നില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംവരെ പാത്രമായിരുന്നു.
കാട്ടാന കൊലപ്പെടുത്തിയ വെള്ളച്ചാലില്‍ പോളിന്റെ മരണത്തില്‍ പ്രതിഷേധിക്കാനായി ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ സമരക്കടലായി മാറുകയായിരുന്നു പുല്പള്ളി ടൗണ്‍. അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും പലപ്പോഴും നിസ്സഹായരായി നിന്നു.