
ബെംഗളൂരു: ‘40 ശതമാനം കമ്മിഷൻ സർക്കാർ’ ആരോപണവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ രാഹുൽ ഗാന്ധിക്ക് ജാമ്യം. ബെംഗളൂരു സിവിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തി. ജൂലായ് 30-ന് കേസ് വീണ്ടും പരിഗണിക്കും.
കഴിഞ്ഞവർഷത്തെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സർക്കാരിനെതിരേ കോൺഗ്രസ് പ്രസിദ്ധീകരിച്ച പരസ്യത്തിന്റെപേരിലായിരുന്നു അപകീർത്തിക്കേസ്. ബി.ജെ.പി. സർക്കാർ 40 ശതമാനം കമ്മിഷൻ വാങ്ങുന്ന സർക്കാരാണെന്നാരോപിച്ചായിരുന്നു കോൺഗ്രസിന്റെ പരസ്യം. അഴിമതിയുടെ റേറ്റ് കാർഡും പ്രസിദ്ധീകരിച്ചിരുന്നു. പരസ്യം അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുൾപ്പെടെയുള്ള ബി.ജെ.പി. നേതാക്കൾക്ക് അപകീര്‍ത്തി ഉണ്ടാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കേശവ പ്രസാദാണ് ഹർജിനൽകിയത്. പരസ്യം നൽകിയതിൽ നേരിട്ട് ഭാഗമാകാതിരുന്ന രാഹുലിനെയും ബി.ജെ.പി. കേസിൽ ഉൾപ്പെടുത്തുകയായിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേസിൽ പ്രതികളാണ്. മൂന്നുപേരോടും കഴിഞ്ഞ ശനിയാഴ്ച നേരിട്ടുഹാജരാകാൻ കോടതി നോട്ടീസുനൽകിയിരുന്നു. ഇതുപ്രകാരം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഹാജരായി. ഇവർക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇന്ത്യമുന്നണിയുടെ യോഗമുള്ളതിനാലാണ് രാഹുൽ ഹാജരാകാതിരുന്നതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ആദ്യം ഇത് അംഗീകരിക്കാതിരുന്ന കോടതി പിന്നീട് രാഹുലിനോട് വെള്ളിയാഴ്ച ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.