ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ ലഡാക്കിലേക്ക് ബൈക്ക് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാംഗോംഗ് തടാക കരയിലാണ് ഇത്തവണ പിതാവിന്‍റെ ജന്മദിനം രാഹുല്‍ ഗാന്ധി ആഘോഷിക്കുക. കെടിഎമ്മിന്‍റെ 390 അഡ്വഞ്ചര്‍ ബൈക്കിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര. ബൈക്കിംഗ് ഗിയര്‍ അണിഞ്ഞുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലാണ് രാഹുല്‍ പങ്കുവച്ചത്.
സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്ന് വ്യക്തമാക്കുന്നതാണ് യാത്രാ ചിത്രങ്ങള്‍. ഓഗസ്റ്റ് 25 വരെ ലാഹുല്‍ ലഡാക്കില്‍ തുടരുമെന്നാണ് വിവരം. കെടിഎം 390 അഡ്വഞ്ചര്‍ 373 സിസി ബൈക്കാണ് രാഹുലിന്‍റെ ലഡാക്ക് യാത്രയ്ക്ക് ഊര്‍ജമായിട്ടുള്ളത്. നേരത്തെ കെടിഎം 390 ബൈക്ക് സ്വന്തമായുള്ളതായി രാഹുല്‍ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ അത് ഉപയോഗിക്കാന്‍ കഴിയാത്തതിലെ നിരാശയും രാഹുല്‍ പങ്കുവച്ചിരുന്നു.
കെടിഎമ്മിന്‍റെ 790 അഡ്വഞ്ചറിന്‍റെ മിനിയേച്ചറാണ് രാഹുലിന്‍റെ 390.സിംഗില്‍ സിലിണ്ടര്‍ എന്‍ജിനാണ്. ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് 390ന്‍റെ ഡിസൈന്‍. ഓഫ് റോഡ് എബിഎസ്, മോട്ടോര്‍ സൈക്കിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ് എന്നീ ഫീച്ചറുകളോടെയാണ് 390 എത്തുന്നത്.