ലക്‌നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലഖിംപൂരിലേക്ക് പോകാന്‍ അനുമതി. ഇവര്‍ക്കൊപ്പം മൂന്ന് പേര്‍ക്ക് കൂടി ലഖിംപൂരിലേക്ക് പോകാം.യു.പി ആഭ്യന്തരവകുപ്പാണ് തീരുമാനം അറിയിച്ചത്. നേരത്തെ ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്നും പോലീസ് പറഞ്ഞിരുന്നു.
രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മറ്റ് രണ്ട് പേര്‍ക്കും ലഖിംപൂര്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വൈകിട്ടോടെ സന്ദര്‍ശിക്കും. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നി എന്നിവര്‍ക്കുമാണ് ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 144 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു യു.പി പൊലീസിന്റെ നിലപാട്.
എന്നാല്‍ ലഖിംപൂരും സീതാപൂരും സന്ദര്‍ശിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തി. ശക്തമായ നടപടിയുമായി പ്രതിപക്ഷം മുന്നോട്ടുനീങ്ങുമെന്ന സാഹചര്യം വന്നതോടെ ഉത്തര്‍പ്രദേശ് പൊലീസ് അയയുകയായിരുന്നു. കൂടുതല്‍ ആളുകളെ കൂട്ടരുത്, സമാധാനപരമായ രീതിയിലായിരിക്കണം സന്ദര്‍ശനം തുടങ്ങിയ വ്യവസ്ഥകളുണ്ട്. അതേസമയം, കരുതല്‍ തടങ്കലിലുള്ള പ്രിയങ്കാ ഗാന്ധിയെ ഉടന്‍ മോചിപ്പിക്കുമെന്നാണ് വിവരം.
എന്തൊക്കെ തടസമുണ്ടായാലും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. വേണ്ടി വന്നാല്‍ രാഹുല്‍ ഒറ്റയ്ക്ക് പോകുമെന്നും രാഹുലിന്റെ സന്ദര്‍ശനത്തിന് നിരോധനാജ്ഞ തടസമല്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാല്‍. ലഖിംപൂരിലേക്ക് താനുള്‍പ്പെടെയുള്ള മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്ന് രാഹുലും അറിയിച്ചിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അനുമതി നല്‍കാനാകില്ലെന്നായിരുന്നു യു.പി സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രിയുടെ മകനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. കര്‍ഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളില്‍ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്.ഐ.ആറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ആശിഷ് മിശ്ര കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും എഫ്.ഐ.ആറില്‍ പറയുന്നു. കര്‍ഷകര്‍ക്കെതിരെ നടന്ന ആക്രമണം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. എന്നാല്‍, മന്ത്രിയുടെ മകനെതിരെ ഇത്രയധികം തെളിവ് ലഭിച്ചിട്ടും ഇയാളെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം സംഭവത്തില്‍ പ്രധാനമന്ത്രി സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റിപ്പോര്‍ട്ട് തേടി. തുടര്‍ന്ന് യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി. സ്ഥിതിഗതികള്‍ യുപി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.ലഖിംപൂര്‍ ഖേരിയിലെ സംഭവ വികാസങ്ങളില്‍ ആരോപണ വിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. അജയ് മിശ്രയെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ലഖിംപൂരില്‍ കര്‍ഷകര്‍ മരിക്കാനിടയായ സംഭവ വികാസങ്ങളില്‍ കേന്ദ്രമന്ത്രിക്ക് വീഴ്ച ഉണ്ടായിയെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.യുപിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടിത്ത വേളയില്‍ അനാവശ്യ വിവാദത്തിന് വഴിവെക്കുന്ന നടപടിയാണ് ഉണ്ടായതെന്നും ബിജെപി നേതൃത്വം വിലയിരുത്തി. യുപി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിലും പോലീസ് എഫ്ഐആറിലും കേന്ദ്രമന്ത്രിക്കും മകനുമെതിരെ പരാമര്‍ശങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകരെ ഇടിച്ചിട്ട വാഹനങ്ങളില്‍ താനോ മകനോ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്ര പറയുന്നത്.