ന്യൂഡല്‍ഹി: തങ്ങളുടെ കുടുംബവുമായി അഭേദ്യബന്ധമുള്ള റായ്ബറേലിയെ സേവിക്കാനുള്ള ഉത്തരവാദിത്വം അമ്മ സോണിയ ഗാന്ധി തന്നെ ഏല്‍പിച്ചിരിക്കുകയാണെന്ന് റായ്ബറേലി ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
2004 മുതല്‍ സോണിയ ഗാന്ധിയാണ് റായ്ബറേലിയെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്. ഇക്കൊല്ലം ആദ്യം സോണിയ ഗാന്ധി രാജ്യസഭാംഗത്വം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാനുള്ള ഊഴം രാഹുലിനെ തേടിയെത്തിയത്.
അമേഠിയില്‍ രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വയനാട്ടില്‍നിന്ന് വീണ്ടും ജനവിധി തേടുന്ന രാഹുല്‍, സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി വദ്ര, സഹോദരീഭര്‍ത്താവ് റോബര്‍ട്ട് വദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പമെത്തിയാണ് നാമനിര്‍ദേശപത്രിക നല്‍കിയത്. രാഹുലിന്റെ മുത്തശ്ശി ഇന്ദിര ഗാന്ധിയും മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയും റായ്ബലേറിയില്‍നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയിരുന്നു.
അമേഠിയിലേയും റായ്ബറേലിയിലേയും ജനങ്ങളെ കുടുംബമായാണ് കാണുന്നതെന്നും ഇരുമണ്ഡലങ്ങളിലേയും ജനങ്ങളെ വേര്‍തിരിച്ചുകാണുന്നില്ലെന്നും എക്‌സ് പോസ്റ്റിലൂടെ രാഹുല്‍ വ്യക്തമാക്കി. റായ്ബറേലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത്.
തനിക്ക് വികാരനിര്‍ഭരമായ നിമിഷമാണെന്നും കുടുംബത്തിന്റെ കര്‍മഭൂമിയുടെ ഉത്തരവാദിത്വം അമ്മ തന്നെ ഏല്‍പിക്കുകയും മണ്ഡലത്തെ സേവിക്കാനുള്ള അവസരം നല്‍കുകയും ചെയ്തിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അമേഠിയെ 40 കൊല്ലമായി സേവിക്കുന്ന കിഷോരി ലാല്‍ ആ മണ്ഡലത്തെ പ്രതിനിധീകരിക്കുമെന്നും രാഹുല്‍ കുറിച്ചു. നാമനിര്‍ദേശപത്രിക സമര്‍ക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു.