EntertainmentKeralaNews

പൃഥ്വിരാജ് രാഷ്ട്രീയ നിലപാട് വ്യക്തമാക്കി, ബിജെപിയെ പേരെടുത്ത് ആക്രമിച്ചു, ദേശീയ അന്വേഷണ ഏജൻസികൾ ചട്ടുകമെന്ന് തുറന്നു പറഞ്ഞു, വലിയ ധൈര്യം: ‘എമ്പുരാൻ’ ചിത്രത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ

കൊച്ചി: പൃഥ്വിരാജ്–മോഹൻലാൽ സിനിമയായ ‘എമ്പുരാൻ’ സിനിമയുടെ രാഷ്ട്രീയം പറഞ്ഞ് രാഹുൽ ഈശ്വർ. വളരെ കാലം മുൻപ് നടന്ന ഗുജറാത്ത് കലാപത്തിൽ ഉൾപ്പെട്ട ആളുകളുടെ പേര് വരെ ഉപയോഗിച്ച് ഇന്നത്തെ കാലത്ത് ഒരു പാൻ ഇന്ത്യൻ സിനിമ ചെയ്യാൻ മുരളി ഗോപിക്കും പൃഥ്വിരാജിനും ഉണ്ടായ ധൈര്യത്തെ അഭിനന്ദിക്കുന്നു എന്ന് രാഹുൽ ഈശ്വർ പറഞ്ഞു.

ദേശീയ അന്വേഷണ ഏജൻസികൾ വരെ ചിലരുടെ ചട്ടുകമായി പ്രവർത്തിക്കുന്നതും സംഘപരിവാർ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്നതും അടക്കം വളരെ ധൈര്യപൂർവം തുറന്നു പറഞ്ഞ എമ്പുരാൻ വളരെ ശക്തമായൊരു സ്റ്റേറ്റ്മെൻറ്റ് ആണെന്ന് രാഹുൽ ഈശ്വർ പങ്കുവച്ച് വിഡിയോയിൽ പറയുന്നു.  മുംബൈ ഐനോക്സിൽ സിനിമ കണ്ടിറങ്ങി സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയായിരുന്നു രാഹുൽ ഈശ്വർ.  

‘‘ഞാൻ മുംബൈ ഐ നോക്സിൽ ആണ്. എമ്പുരാൻ കണ്ട് ഇറങ്ങിയിട്ടേയുള്ളൂ. സിനിമ ഗംഭീരമായിട്ടുണ്ട്. സിനിമയ്ക്ക് പോസിറ്റീവുകളും ഉണ്ട് അതുപോലെതന്നെ നെഗറ്റീവുകളും ഉണ്ട്. ആദ്യം സിനിമയെക്കുറിച്ച് പറയാം ഗംഭീരമായിട്ടുണ്ട്. ലാലേട്ടന്റെ പെർഫോമൻസ് ഗംഭീരം, പൃഥ്വിരാജ് നന്നായി ചെയ്തിട്ടുണ്ട്.

സിനിമയുടെ ഒന്നാം ഭാഗമായ ലൂസിഫറിൽ ചെറുതായി ലാഗ് അടിച്ചിട്ടുണ്ടെങ്കിൽ ആ ലാഗും പ്രശ്നങ്ങളും ഒക്കെ ഇതിൽ ശക്തമായി പൃഥ്വിരാജിന് മാറ്റാൻ  കഴിഞ്ഞിട്ടുണ്ട്.  വളരെ വ്യക്തമായി തന്നെ പൃഥ്വിരാജ് തന്റെ രാഷ്ട്രീയ നിലപാടും ആശയവും പറയുകയും അതിശക്തമായിട്ട് തന്നെ ഈ തീവ്ര വലതുപക്ഷം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. 

പൃഥ്വിരാജ് തന്റെ രാഷ്ട്രീയം ഒന്നും മറച്ചുവയ്ക്കാതെ, അതായത് ലൂസിഫറിൽ കോൺഗ്രസ്സും കമ്യുണിസ്റ്റും ബിജെപിയും ഒക്കെ വളരെ ബാലൻസ്ഡ് ആയി കൊണ്ടുപോയിട്ടുണ്ടെങ്കിൽ ഇതിൽ കുറേക്കൂടി കടുത്ത രീതിയിൽ ബിജെപിയെ കടന്ന് ആക്രമിക്കുന്ന രീതിയിലാണ് കാണാനാകുക. അതായത് 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കും എന്നും ഗുജറാത്ത് കലാപം നടത്തിയ ആൾക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും വളരെ വ്യക്തമായി പറയുന്നുണ്ട്.

ബജ്രംഗി എന്ന പേര് തന്നെ പ്രധാന വില്ലന് ഇടുകയും ചെയ്ത് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി. പക്ഷേ സിനിമ എന്ന നിലയിൽ എമ്പുരാൻ വളരെ നന്നായിട്ടുണ്ട്.  മഞ്ജു വാരിയരുടെ വളരെ പവർ പാക്ക്ഡ് ആയിട്ടുള്ള  പെർഫോമൻസ് ആണ് കൂടുതൽ പറഞ്ഞു ഞാൻ സസ്പെൻസ് പൊളിക്കുന്നില്ല. 

ടൊവിനോ വളരെ നന്നായിട്ടുണ്ട്. പിന്നെ ഇതൊരു ഇന്റർനാഷ്നൽ ലെവലിൽ ഒരു ഹോളിവുഡ് മൂവി എന്ന രീതിയിൽ തന്നെ നമുക്ക് പറയാൻ പറ്റും. മുംബൈയിലും സിനിമ ഹൗസ് ഫുൾ ആയിരുന്നു. കണ്ടു കഴിഞ്ഞ് ഐനോക്സിന്റെ മുന്നിൽ നിന്ന് തന്നെ ഒരു വിഡിയോ ചെയ്യാം എന്ന് കരുതി. നിങ്ങളെല്ലാവരും ഉറപ്പായും ഈ സിനിമ കാണണം. ഈ സിനിമ ഒരു ഗ്രാൻഡ് സിനിമ ആണെന്നുള്ള പ്രതീക്ഷ സൃഷ്ടിച്ചിട്ടുണ്ട്.

ഇതുവരെ നിങ്ങൾ എല്ലാവരും അറിഞ്ഞു കാണണം എന്ന് കരുതിയത് കൊണ്ട് പറയുകയാണ് പൃഥ്വിരാജിന്റെ സയീദ് മസൂദ് എന്ന കഥാപാത്രം ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ തന്റെ മാതാപിതാക്കളെ എല്ലാം നഷ്ടപ്പെട്ട, സഹോദരിമാരൊക്കെ അടക്കം ബലാത്സംഗം ചെയ്യപ്പെട്ട് അനീതിയിൽ നിന്നും ഉയർത്തെഴുന്നേൽക്കപ്പെട്ട ഒരാൾ എന്നെ നിലയിലാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. 

അതുപോലെ സയീദ് മസൂദിനെ അടക്കം കുറെ കുട്ടികളെ പാക്കിസ്ഥാനിലെ ലക്ഷ്കർ ഇ തൊയ്ബ സംഘങ്ങൾ കൊണ്ടുപോവുകയും അവിടെനിന്നാണ് മോഹൻലാലിന്റെ കഥാപാത്രം രക്ഷിക്കുന്നത് എന്നൊക്കെ പറയുന്നുണ്ട്. തിരിച്ച് അവനെ ഹിന്ദുസ്ഥാനിയായി ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് ആ അർഥത്തിൽ വളരെ ബാലൻസ്ഡ് ആയിട്ടാണ് കഥ പറഞ്ഞിരിക്കുന്നത്.

മോഹൻലാലിന്റെ ഡ്രസ്സ് ഒക്കെ ഒരു ഹോളിവുഡ് സ്റ്റൈലിലാണ്. വിദേശത്തുനിന്ന് വന്ന് അഭിനയിച്ചവരെല്ലാം തന്നെ വളരെ നന്നായിട്ട് ചെയ്തിട്ടുണ്ട്.  എല്ലാവരുടെയും പെർഫോമൻസ് വളരെ നന്നായിട്ടുണ്ട്. ഒന്ന് രണ്ട് നല്ല പാട്ടുകൾ കൂടി ആകാമായിരുന്നു എന്ന് തോന്നി. എമ്പുരാനേ എന്ന പാട്ട് കുറച്ചുകൂടി നന്നായിട്ട് സിനിമയിൽ വന്നിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി.  

ഞാൻ കൂടുതൽ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല. നിങ്ങളെല്ലാവരും എന്തായാലും സിനിമ കാണുക. ഒന്ന് രണ്ടു ദിവസമായി ഞാൻ ഫിൻലാന്റിന്റെ  വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾക്കായി ബോംബെയിലാണ്. അതുകൊണ്ടുതന്നെ ഇവിടെ ഐ നോക്സിൽ സിനിമ കാണാൻ കഴിഞ്ഞു. മലയാളികൾക്ക് ഇഷ്ടപ്പെടുമെന്നു സംശയമില്ല.  രാഷ്ട്രീയപരമായി ചില വിയോജിപ്പുകൾ സിനിമയുമായി ബന്ധപ്പെട്ടു ഉണ്ടാകും അത് സ്വാഭാവികമാണ്. പക്ഷേ ഇതിന്റെ കൗതുകം ഓർക്കുക, മോഹൻലാൽ അഭിനയിച്ച് ഭരത് ഗോപിയുടെ മകൻ മുരളി ഗോപി എഴുതി സുകുമാരന്റെ മകൻ പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ്.

അതുകൊണ്ട് ഇതിന്റെ പിന്നിൽ രാജ്യാന്തര  തീവ്രവാദ ഇസ്ലാമിസ്റ്റ് അജണ്ടകളുണ്ട് എന്നൊന്നും ആരോപിക്കുന്നതിൽ യാതൊരു അർഥവുമില്ല. യഥാർഥത്തിൽ വളരെകാലം മുൻപ് നടന്ന ആ കലാപത്തെ ഇൻവോക്ക് ചെയ്ത് ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട് എന്നത് സത്യമാണ്. 

ഒരു ഹോളിവുഡ് രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത് എല്ലാവരും ഉറപ്പായിട്ടും ഈ സിനിമ കാണണം. ആ സിനിമയോട് വിയോജിപ്പുള്ള നമ്മുടെ സംഘപരിവാറിലെ സഹോദരങ്ങൾ കാണും. ഇല്ല എന്ന് പറഞ്ഞിട്ട് ഒന്നും കാര്യമില്ല. ബിജെപിയെ വളരെ ശക്തമായി പേരെടുത്ത് പറഞ്ഞു തന്നെ ആക്രമിച്ചിട്ടുണ്ട്. നാഷ്നൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി എൻഐഎയെയും അടക്കം പറയുന്നുണ്ട്. അതൊക്കെ വലിയ ധൈര്യമാണ്. മുരളി ഗോപി, പൃഥ്വിരാജ് മോഹൻലാൽ എന്നിവർക്കുള്ള ധൈര്യം വളരെ വലുതാണ്.

കാരണം ഇത്രയും വലിയ സ്വാധീനമുള്ള ദേശീയ ഏജൻസികൾ ഒക്കെ ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി പറയുന്നത് വലിയ ധൈര്യമാണ്. അപ്പോൾ എന്തായാലും എമ്പുരാൻ കാണുക, ഈ സിനിമ ഒരു സ്റ്റേറ്റ്മെന്റ് ആണ്.  മലയാള സിനിമ ഇതോടുകൂടി ഏറ്റവും വലിയ സിനിമ മേഖലയായി മാറും എന്നുള്ള കാര്യത്തിൽ സംശയമില്ല.’’–രാഹുൽ ഈശ്വറിന്റെ വാക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker