ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ നിയമിച്ചു. ട്വന്റി20 ലോകകപ്പിന് ശേഷമാകും രാഹുല്‍ ചുമതലയേല്‍ക്കുക. ”സുലക്ഷന നായിക്, ആര്‍ പി സിങ് എന്നിവര്‍ അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതി രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ പുരുഷ ടീമിന്റെ പരിശീലകനായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുമ്പ് അദ്ദേഹം ചുമതലയേല്‍ക്കും.” ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.
ലോകകപ്പിന് ശേഷം നിലവിലെ ക്യാപ്റ്റന്‍ രവി ശാസ്ത്രി സ്ഥാനമൊഴിയുന്നതോടെയാണ് രാഹുല്‍ ചുമതലയേല്‍ക്കുന്നത്. നേരത്തേ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ദ്രാവിഡുമായി ചര്‍ച്ച നടത്തിയിരുന്നു.
പകരം വയ്ക്കാനില്ലാത്ത ക്രിക്കറ്റ് കരിയറിന് ഉടമയാണ് രാഹുലെന്നും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് രാഹുലിനെ സ്വാഗതം ചെയ്യുന്നെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. പുതിയ ദൗത്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ദ്രാവിഡ് കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയാണെന്നും ഏറെ പ്രതീക്ഷയോടെയാണ് വരും വര്‍ഷങ്ങളെ നോക്കിക്കാണുന്നതെന്നും രാഹുല്‍ അറിയിച്ചതായി ബിസിസിഐ പ്രസ്താവനയില്‍ കുറിച്ചു. നാല്പ്പത്തിയെട്ടുകാരനായ ദ്രാവിഡ് നിലവില്‍ ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ തലവനാണ്. നേരത്തേ 2018ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍ട്ടന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് മുഖ്യ പരിശീലകനായി രാഹുലിനെ നിയമിച്ചിരിക്കുന്നത്.