കൊച്ചി:സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നൽകുന്നുവെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു രഹ്ന ഫാത്തിമ സർക്കാരിനെ രൂക്ഷ വിമർശനമുന്നയിച്ചത്. രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷ എന്ന എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനം എത്രമാത്രം വഞ്ചനാപരമായിരുന്നു എന്നു തുറന്നു കാട്ടേണ്ടതുണ്ട് എന്ന് മാത്രമല്ല ഇനിയൊരമ്മയ്ക്കും ഈ ദുർവിധി ഉണ്ടാവാതിരിക്കാൻ ഈ വിഷയം ശരിയായ രീതിയിൽ കേരള സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്ന സുവ്യക്തമായ രാഷ്ട്രീയ ബോധ്യത്തിൽ നിന്നാണ് ഭാഗ്യവതി ഈയൊരു തീരുമാനത്തിൽ എത്തിച്ചേർന്നത്. അതുകൊണ്ടുതന്നെ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ഭാഗ്യവതി മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളുടെ സംവിധാനങ്ങൾ ഒന്നുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടുക എന്നത് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും നമ്മൾ ഉയർത്തുന്ന രാഷ്ട്രീയ മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കും എന്ന വിശ്വാസത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ ധർമ്മടം നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വാളയാർ ഭാഗ്യവതി മത്സരിക്കുന്ന വിവരം അറിയിക്കട്ടെ. നമ്മുടെ ചിഹ്നം ഫ്രോക്ക് (കുഞ്ഞുടുപ്പ്: ) ആണ്. NB :- ഒരു പോസ്കോ കേസിന്റെ പേരിൽ 14 ദിവസം ജയിലിൽ കിടന്നവൾ എന്ന നിലയിൽ പറയട്ടെ, പുരുഷന് എന്തുമാകാം പണവും അധികാരവും ആൾ ബലവുമുണ്ടെങ്കിൽ എന്ത് ചെയ്താലും സമൂഹത്തിൽ മാന്യനായി കഴിയാം.