മംഗളൂരു : റാഗിംഗ് കേസില്‍ 11 മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ റാഗിംഗ് നടത്തിയെന്ന പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്. കോഴിക്കോട്, കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. മലയാളികളായ അഞ്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ പരാതിയിലാണ് സീനിയര്‍ വിദ്യാര്‍ത്ഥികളെ മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
വടകര പാലയാട് പടിഞ്ഞാറെക്കര മുഹമ്മദ് ഷമാസ്(19), കോട്ടയം അയര്‍കുന്നം റോബിന്‍ ബിജു(20), വൈക്കം എടയാര്‍ ആല്‍വിന്‍ ജോയ്(19), മഞ്ചേരി പയ്യനാട് ജാബിന്‍ മഹ്റൂഫ്(21), കോട്ടയം ഗാന്ധിനഗര്‍ ജെറോണ്‍ സിറില്‍(19), പത്തനംതിട്ട മങ്കാരം മുഹമ്മദ് സുറാജ്(19), കാസര്‍കോട് കടുമേനി ജാഫിന്‍ റോയ്ച്ചന്‍(19), വടകര ചിമ്മത്തൂര്‍ ആസിന്‍ ബാബു(19), മലപ്പുറം തിരൂരങ്ങാടി മമ്പറം അബ്ദുള്‍ ബാസിത്(19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയ അബ്ദുള്‍ അനസ് മുഹമ്മദ്(21), ഏറ്റുമാനൂര്‍ കാണക്കാരി കെ.എസ്.അക്ഷയ്(19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മംഗളൂരു ദളര്‍ക്കട്ടെ കണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഫിസിയോ തെറാപ്പി, നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. മുടി മുറിച്ചു മാറ്റുക, താടി വടിപ്പിയ്ക്കുക, തീപ്പെട്ടിക്കമ്പ് കൊണ്ട് മുറി അളപ്പിക്കുക, ശാരീരികമായി ഉപദ്രവിക്കുക എന്നിങ്ങനെ പല തരത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ പ്രതികള്‍ ഉപദ്രവിച്ചെന്ന് പരാതിയില്‍ പറയുന്നു. പിടിയിലായവരെല്ലാം ഫിസിയോ തെറാപ്പി, ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളാണ്.