FeaturedHome-bannerNationalNews

‘അയോധ്യയിൽ പോയതിന് പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു’; കോൺ​ഗ്രസ് ദേശീയ മാധ്യമ കോ-ഓർഡിനേറ്റർ പാർട്ടി വിട്ടു

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു. ചത്തീസ്ഗഢിലെ പാര്‍ട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി തള്ളിക്കയറ്റി പൂട്ടിയിട്ടെന്ന് രാധിക ഖേര ആരോപിച്ചു. പാര്‍ട്ടിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താന്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്നും അവര്‍ അറിയിച്ചു.

ഒരിക്കലും പാര്‍ട്ടി ലൈനിന് വിരുദ്ധമായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ല. തികഞ്ഞ അർപ്പണബോധത്തോടെയും സത്യസന്ധതയോടെയുമാണ് പ്രവർത്തിച്ചത്. അയോധ്യയില്‍ ദര്‍ശനം നടത്തിയതിനാലും ഹിന്ദുവായതിനാലും സനാതനധര്‍മ്മത്തില്‍ വിശ്വസിക്കുന്നതിനാലും തനിക്ക് നീതി നിഷേധിക്കപ്പെട്ടു. രാം ലല്ലയോടാണോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയോടാണോ കോണ്‍ഗ്രസിന്റെ പോരാട്ടമെന്ന് അവര്‍ വ്യക്തമാക്കണമെന്നും രാധിക ആവശ്യപ്പെട്ടു.

തനിക്കെതിരായ മോശം പെരുമാറ്റത്തെക്കുറിച്ച് റായ്പുരിലെ രാജീവ് ഭവനില്‍വെച്ച് പരാതിപ്പെടുന്ന രാധിക ഖേരയുടെ വീഡിയോ നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചത്തീഗഢ് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിങ് ചെയര്‍പേഴ്‌സണ്‍ സുശില്‍ ആനന്ദ് ശുക്ലയുമായി രാധികയ്ക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

മധ്യപ്രദേശിലെ ബിനയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. നിര്‍മല സാപ്രെ ബി.ജെ.പിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ സാന്നിധ്യത്തില്‍ സാഗര്‍ ജില്ലയിലെ രാഹത്ഗഡിലെ ബി.ജെ.പി. റാലിയില്‍വെച്ചായിരുന്നു അംഗത്വമെടുത്തത്.

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മാതൃകപെരുമാറ്റച്ചട്ടം നിലവില്‍വന്നതിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുന്ന മൂന്നാമത്തെ എം.എല്‍.എയാണ് നിര്‍മല സാപ്രെ. നേരത്തെ മാര്‍ച്ച് 29-ന് ചിന്ദ്‌വാഡയിലെ അമര്‍വാര എം.എല്‍.എ. കമലേഷ് ഷായും ഏപ്രില്‍ 30-ന് വിജയ്പുര്‍ എം.എല്‍.എ. രാംനിവാസ് റാവത്തും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

സാഗര്‍ ജില്ലയിലെ ഏക കോണ്‍ഗ്രസ് എം.എല്‍.എയായിരുന്നു നിര്‍മല സാപ്രെ. കഴിഞ്ഞ വര്‍ഷാവസാനം നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുതവണ എം.എല്‍.എയായിരുന്ന മഹേഷ് റായിയെ 6,000 വോട്ടിനാണ് നിര്‍മല പരാജയപ്പെടുത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button