കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധ ഇന്ത്യന്‍ വനിത ക്രിക്കറ്റ് താരം മിന്നുമണിയുടെ അടുത്ത ബന്ധു. ഇക്കാര്യം സൂചിപ്പിച്ച് മിന്നു മണി ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും മിന്നുമണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഡല്‍ഹിയില്‍ വെച്ചാണ് ഇന്ത്യന്‍ താരം ദുരന്തവാര്‍ത്തയറിയുന്നത്. ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ദുഃഖവും മിന്നുമണി പങ്കുവെച്ചു. ഇരകള്‍ ഇനിയുമുണ്ടാകുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണണമെന്നുമാണ് മിന്നുമണി അധികൃതരോട് ആവശ്യപ്പെടുന്നത്.
മിന്നുമണിയുടെ കുറിപ്പ്
വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അല്‍പ്പം മുമ്പ് കേള്‍ക്കാന്‍ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായ കടുവയുടെ ആക്രമത്തില്‍ മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്. അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു.